പിണറായി വിജയൻ Source: Files
KERALA

പാര്‍ട്ടി ലൈന്‍ vs പിണറായി ലൈന്‍; പിണറായി വിജയനെ പിന്തുണച്ച് എം.വി. ഗോവിന്ദന്‍, പരസ്യമായി തള്ളി തോമസ് ഐസക്

പാർട്ടിക്ക് വീഴ്ച പറ്റിയോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ ഗോവിന്ദൻ തയ്യാറായില്ല.

Author : ന്യൂസ് ഡെസ്ക്

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം അണികളെ പഴിച്ച പിണറായി വിജയനെ പൂർണമായും പിന്തുണച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . ജനങ്ങൾ പൂർണമായി കാര്യങ്ങൾ മനസിലാക്കാത്ത ദൗർബല്യമാണ് പിണറായി ചൂണ്ടിക്കാട്ടിയതെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ പാർട്ടിക്ക് വീഴ്ച പറ്റിയില്ലേ എന്ന് ആവർത്തിച്ചുള്ള ചോദ്യത്തിന് ഗോവിന്ദൻ മറുപടി നൽകിയില്ല . അതേസമയം, തോൽവിയെ കുറിച്ചുള്ള പിണറായി ലൈൻ തോമസ് ഐസക് പരസ്യമായി തള്ളി.

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് അണികളെ പഴിച്ച പിണറായി വിജയനെ തള്ളാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി തയ്യാറല്ല. പകരം പ്രതിപക്ഷ നേതാവിന് ഗോവിന്ദന്റെ പരിപൂർണ പിന്തുണ. ജനങ്ങൾക്ക് പൂർണമായി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന ദൗർബല്യമാണ് പിണറായി ചൂണ്ടിക്കാട്ടിയത് . ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് പിണറായി വിശദീകരിച്ചത് . പാർട്ടി സ്ഥാനാർഥിക്ക് അനുകൂലമായി പാർട്ടി അംഗങ്ങൾ നിൽക്കാത്തതിനെ ആണ്, പിണറായി വിമർശിച്ചതെന്നുമാണ് ഗോവിന്ദന്റെ വിശദീകരണം . എന്നാൽ പാർട്ടിക്ക് വീഴ്ച പറ്റിയോ എന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മറുപടി പറയാൻ ഗോവിന്ദൻ തയ്യാറായില്ല.

സംസ്ഥാന സെക്രട്ടറി പിന്തുണയ്ക്കുമ്പോഴും പത്തുവർഷത്തെ ഭരണത്തിൽ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനവികാരം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്നും തുറന്നടിച്ച കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് ഇന്നും നിലപാട് ആവര്‍ത്തിച്ചു . തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടില്ലെന്ന പിണറായി വിജയന്റെ പ്രതിരോധത്തെ പൂർണമായും തള്ളിക്കളയുന്നതാണ് ഐസക്കിന്റെ പരസ്യ നിലപാട്. കേന്ദ്ര കമ്മിറ്റി തയാറാക്കിയ ഔദ്യോഗിക തിരുത്തൽ രേഖയിലെ കാര്യങ്ങൾ മാത്രമാണ് താൻ പങ്കുവെച്ചതെന്ന ഐസക്കിന്റെ വിശദീകരണം ആലപ്പുഴ പ്രസംഗത്തിലെ നിലപാടിന്റെ ആവര്‍ത്തനമായി.

പിണറായി ലൈനിനെ കുറിച്ച് ചോദിച്ചപ്പോൾ, തള്ളാനോ കൊള്ളാനോ നിൽക്കാതെ ഐസക് പിന്തിരിഞ്ഞ് നടന്നു എന്നതും ശ്രദ്ധേയമാണ്. ജനങ്ങളെയും അണികളെയും പഴിച്ച് തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വം തലയൂരാൻ ശ്രമിക്കുന്നതിനിടെയാണ് പാർട്ടിയെ കൂടുതൽ വെട്ടിലാക്കി തോമസ് ഐസക്കിന്റെ നിലപാട് വ്യക്തമാക്കൽ. ഐസക് പാർട്ടി ലൈനിന് ഉള്ളിൽ നിന്ന് സംസാരിക്കുന്ന ആളെന്നായിരുന്നു സിപിഐഎം നേതാവ് എളമരം കരീമിന്റെ പ്രതികരണം.

ഭരണവിരുദ്ധ വികാരവും പാർട്ടിയിലെ ജീർണതയുമാണ് തോൽവിക്ക് കാരണമെന്ന് തോമസ് ഐസക്ക് തന്നെ തുറന്നടിക്കുമ്പോൾ, തോല്‍വിയുടെ ഉത്തരവാദിത്തം ആര്‍ക്കെന്ന ചര്‍ച്ച സിപിഐഎമ്മിനുള്ളില്‍ വരും ദിവസങ്ങളിലും കൂടുതല്‍ സജീവമാകും.

SCROLL FOR NEXT