കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ, എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ കോടതി വെറുതെവിട്ടു. ഇപ്പോൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥയാണെന്നായിരുന്നു പാർവതിയുടെ പ്രതികരണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി തന്റെ നിലപാട് അറിയിച്ചത്.
"എന്ത് നീതി? ഇപ്പോൾ നമ്മൾ കാണുന്നത് ശ്രദ്ധാപൂർവം മെനഞ്ഞ ഒരു തിരക്കഥ നിഷ്ഠൂരമായി ചുരുളഴിയുന്നതാണ്," പാർവതി തിരുവോത്ത് കുറിച്ചു.
വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി വുമൺ ഇൻ സിനിമാ കളക്ടീവിന്റെ ഭാഗമായ മറ്റ് നടിമാരും രംഗത്തെത്തി. ഫേസ്ബുക്കിൽ 'അവൾക്കൊപ്പം' എന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു പ്രതികരണം. "എപ്പോഴും, അവൾക്കൊപ്പം. എക്കാലത്തേക്കാളും ശക്തമായി, ഇപ്പോൾ," എന്ന് റിമ കല്ലിങ്കലും രമ്യ നമ്പീശനും ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസാണ് നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍. ക്രിമിനൽ ഗൂഢാലോചന, അന്യായതടങ്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ആക്രമണം, കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ, തെളിവുനശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, പ്രേരണാക്കുറ്റം, പൊതു ഉദ്ദേശ്യത്തോടെ കുറ്റകൃത്യം, ഐടി നിയമപ്രകാരം സ്വകാര്യ- ചിത്രമോ ദൃശ്യമോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യൽ എന്നീ കുറ്റങ്ങളാണ് ഒന്നുമുതൽ ആറുവരെ പ്രതികൾക്കും എട്ടാം പ്രതി ദിലീപിനുമെതിരെ ചുമത്തിയത്. ഇതിലാണ് ദിലീപ് ഒഴിച്ചുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2017 ഫെബ്രുവരി 17ന് ഷൂട്ടിങ്ങിനായി തൃശൂരിൽ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ പൾസർ സുനിയും സംഘവും നടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളും വീഡിയോകളും പകർത്തുകയുമായിരുന്നു.