തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ നിന്നും അനാഥരായ 21 പേര്‍ക്ക് തണലൊരുക്കി പത്തനാപുരം ഗാന്ധിഭവന്‍. മാസങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട നിരാലംബരും നിരാശ്രയരുമായ 21 പേരെ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിൻ്റെ നേതൃത്വത്തിലാണ് പത്തനാപുരം ഗാന്ധിഭവന്‍ ഏറ്റെടുത്തത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിരവധി മനുഷ്യർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഴിയുന്നുണ്ടെന്ന വാർത്ത ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഗാന്ധിഭവൻ ഇത്തരം ആളുകളെ ഏറ്റെടുക്കാൻ തയ്യാറായത്.
17 പുരുഷന്മാരും 4 സ്ത്രീകളുമുള്‍പ്പെടുന്ന ഇവരില്‍ ഭൂരിഭാഗവും തീര്‍ത്തും കിടപ്പുരോഗികളാണ്. ബന്ധുക്കളെക്കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലാത്തവരും അന്യസംസ്ഥാന ക്കാരും ഉള്‍പ്പെടെയുള്ള ഇവരില്‍ പലര്‍ക്കും സ്വന്തം പേരോ നാടോ പോലും ഓര്‍മ്മയില്ല. മന്ത്രിയും കൂടി ചേര്‍ന്നാണ് നിരവധി ആംബുലന്‍സുകളിലായി രോഗികളെ പത്തനാപുരം ഗാന്ധിഭവനിലേക്ക് യാത്രയാക്കിയത്.
ഉറ്റവര്‍ പോലും തിരിഞ്ഞു നോക്കാതിരുന്ന തങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഇടവും കഴിക്കാന്‍ അന്നവും ഉടുക്കാന്‍ വസ്ത്രവും നല്‍കി പരിചരിച്ച മെഡിക്കല്‍ കോളേജ് ജീവനക്കാരോട് രോഗികള്‍ യാത്ര പറയല്‍ ചുറ്റും കൂടി നിന്നവരുടെ കണ്ണുകള്‍ ഈറന്‍ അണിയിച്ചു. ഇവര്‍ക്കാവശ്യമായ മികച്ച പരിചരണവും, ചികിത്സയും നല്‍കുമെന്നും, പ്രത്യേക വാര്‍ഡും മെഡിക്കല്‍ ടീമും സജ്ജമാണെന്നും ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അറിയിച്ചു.
മന്ത്രിയുടെയും തിരുവനന്തപുരം ജില്ലാ സാമൂഹ്യനിതി ഓഫീസര്‍ രംഗരാജന്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. സുനില്‍ കുമാര്‍, ആര്‍എംഒ ഡോ. കെ.പി. ജയപ്രകാശ്, നഴിസിംഗ് ഓഫീസര്‍ ഷാനിഫ, മെഡിക്കല്‍ കോളേജ് മീഡിയ കോഡിനേറ്റര്‍ സജീവ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗാന്ധിഭവന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ഷാഹിദ കമാല്‍, മാനേജിങ് ഡയറക്ടര്‍ ബി. ശശികുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്‍, എച്ച്.ആര്‍. മാനേജര്‍ ആകാശ് അജയ് എന്നിവരുടെ നേതൃത്വത്തില്‍ ഗാന്ധിഭവന്‍ മെഡിക്കല്‍ സംഘമെത്തിയാണ് രോഗികളെ ഏറ്റെടുത്തത്.
2023 ഓഗസ്റ്റിലും, 2024 സെപ്തംബറിലും, 2025 ഏപ്രിലിലുമായി എഴുപതോളം പേരെ ഗാന്ധിഭവന്‍ ഏറ്റെടുത്തിരുന്നു. പത്തനാപുരം ഗാന്ധിഭവനില്‍ ശിഥിലമായ കുടുംബസാഹചര്യങ്ങളില്‍പ്പെട്ടവരും സ്വഭവനങ്ങളില്‍ നിന്നും മക്കള്‍ അടക്കമുള്ള ഉറ്റ ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരുമായ കുഞ്ഞുങ്ങള്‍, വയോജനങ്ങള്‍, മാനസികരോഗികള്‍, ഭിന്നശേഷിക്കാര്‍, എച്ച്ഐവി ബാധിതരടക്കമുള്ള ആയിരത്തി അഞ്ഞൂറിലധികം ആലംബഹീനര്‍ വസിക്കുന്നു. ഇവരില്‍ മുന്നൂറോളം പേര്‍ കിടപ്പുരോഗികളാണെന്നാണ് കണക്ക്.