കണ്ണൂർ: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ വിശദീകരിക്കുമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാകേഷിൻ്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെയും പ്രതികരണത്തിൽ മറുപടിയുമായി വി. കുഞ്ഞികൃഷ്ണൻ. അഞ്ച് വർഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്യുന്നു, എന്നാൽ, ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താൻ പാകത്തിലൊരു കണക്ക് പാർട്ടി കമ്മിറ്റിയിൽ എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോൾ തന്നെ പുറത്താക്കാൻ ചേർന്ന കമ്മിറ്റിക്ക് ശേഷം ഏരിയ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ, രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഇനി തൻ്റെ പുസ്തകം പുറത്തുവരട്ടെ അതിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ച് കണക്ക് തയ്യാറാക്കാം എന്ന നിലപാടാണ് പാർട്ടിക്ക് ഉള്ളതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. തൻ്റെ പുസ്തക പ്രകാശന ചടങ്ങിന് മുൻപായി കണക്കുകൾ ജനങ്ങളെ അറിയിക്കാൻ പാർട്ടി തയ്യാറാകണമെന്നും കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വച്ചാണ് വി. കുഞ്ഞികൃഷ്ണൻ്റെ 'നേതൃത്വത്തെ അണികള്‍ തിരുത്തണം' എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. എം.എന്‍. വിജയന്റെ മകന്‍ ഡോ. വി.എസ്. അനില്‍കുമാറിന് കോപ്പി നല്‍കി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിര്‍വഹിക്കും.