KERALA

"ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ ഇന്നലെ തന്നെ പോകുന്നതാണ് നല്ലത്"; പാർട്ടി വിടുന്നവർക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ

വിജയസാധ്യതയുള്ള ഒരാൾ പോലും ഒഴിവാകരുതെന്നാണ് കോൺഗ്രസ് നിർദേശമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ. സീറ്റ് ലഭിക്കാതെ വേറെ പാർട്ടിയിൽ പോകുന്നവർ പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്തവരാണ്. ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ ഇന്നലെ തന്നെ പോകുന്നതാണ് നല്ലത്. വിജയസാധ്യതയുള്ള ഒരാൾ പോലും ഒഴിവാകരുതെന്നാണ് കോൺഗ്രസ് നിർദേശമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

സീറ്റ് ലഭിക്കാതെ വേറെ പാർട്ടിയിൽ പോകുന്നവരെ ഒന്നും ചെയ്യാൻ കഴിയില്ല. അവർക്ക് ഈ പാർട്ടിയിൽ നിന്ന് പ്രവർത്തിച്ചാൽ എന്തായിരുന്നു കുഴപ്പം. സീറ്റ് തന്നാൽ ഞാൻ കോൺഗ്രസിന്റെ കൂടെ നിൽക്കും തന്നില്ലെങ്കിൽ ബിജെപിയുടെ കൂടെ. ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ ഇന്നലെ തന്നെ പോകുന്നതാണ് നല്ലത്. കഴിവുള്ളവരെ പരിഗണിക്കാത്തപ്പോൾ പ്രതിഷേധം ഉണ്ടാകാറുണ്ട്. അത് പാർട്ടി പരിശോധിക്കും. വിജയസാധ്യതയുള്ള ഒരാൾ പോലും ഒഴിവാകരുതെന്നാണ് കോൺഗ്രസ് നിർദേശം, പി.സി. വിഷ്ണുനാഥ്.

വിജയ സാധ്യത കുറഞ്ഞത് മൂലമായിരിക്കും സിറ്റിങ് കൗൺസിലറെ പോലും മാറ്റിനിർത്തുന്നതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം ഉണ്ടാകാറുണ്ട്. 2010ലെ സമാനമായ സാഹചര്യം കേരളത്തിലുണ്ട്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് സമാനമായ ട്രെൻഡാണിത്. അതിനെ മറികടക്കാൻ സർക്കാർ കുറെ പിആർ പണികൾ നടത്തുന്നുണ്ടെന്നും എംഎൽഎ ആരോപിച്ചു.

പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ആശുപത്രികളിൽ നായക്ക് കിട്ടുന്ന പരിഗണന പോലും ലഭിച്ചില്ലെന്ന് പറഞ്ഞാണ് ഒരു രോഗി മരിച്ചത്. സർക്കാർ പ്രവർത്തനങ്ങൾ നടത്തുന്നത് മുകൾത്തട്ടിൽ മാത്രമാണ്. അടിത്തട്ടിൽ ഇല്ലാത്ത പ്രവർത്തനങ്ങൾ ജനങ്ങളെ ബാധിക്കും. 2021ൽ ഭരണത്തിൽ എത്തിയ സർക്കാർ നാലുവർഷം പെൻഷൻ ഉയർത്തിയില്ല. ഇപ്പോൾ വർധിപ്പിച്ച പെൻഷൻ നൽകാൻ കഴിയുക നാലുമാസം മാത്രമാണ്. അതോടെ സർക്കാർ വഞ്ചിച്ചതാണെന്ന് ജനങ്ങൾക്ക് മനസിലാകും. എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്നതായിരുന്നില്ല മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അങ്ങനെയുണ്ടെന്ന തോന്നൽ മാത്രമാണ് സൃഷ്ടിച്ചതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

അടിസ്ഥാന വർ​ഗത്തിന്റെ പ്രശ്നങ്ങൾ സർക്കാരിന് എല്ലാം കോൺക്ലേവാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ സർക്കാർ ജീവനക്കാർക്ക് യാതൊരുവിധ സന്തോഷവുമില്ല. വന്യജീവി ആക്രമണത്തിൽ അടക്കം സർക്കാർ നിസംഘരായി നിൽക്കുന്നു. അയ്യപ്പ സംഗമത്തിനുശേഷമാണ് പല തട്ടിപ്പുകളും പുറത്തുവന്നത്. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം നടത്താൻ കോടികളാണ് ചെലവഴിച്ചത്. 2004ൽ ബിജെപി ചെയ്ത ഇന്ത്യ ഷൈനിങ് പരിപാടിക്ക് സമാനമാണ് ഇടതു സർക്കാരിൻ്റെ പ്രവർത്തനം. ഈ സർക്കാരിന് തിരിച്ചു വരാനാകില്ലെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT