തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാമർശത്തിന് പിന്നാലെ ഷാഫി പറമ്പിലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഷാഫി പറമ്പിലിന്റെ വ്യക്തിജീവിതവും രാഷ്ട്രീയ ജീവിതവും കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം അടിമുടി രാഷ്ട്രീയക്കാരനാണെന്നും വിഷ്ണുനാഥ് പറഞ്ഞു. കോളേജ് പഠനകാലം മുതൽ ഷാഫി പറമ്പിലിനെ അറിയാമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു.
പാലക്കാട്ടെ ജനങ്ങൾ ഷാഫി പറമ്പിലിനെ എംഎൽഎയായി തെരഞ്ഞെടുത്തതാണ്. പാർട്ടി വടകരയിൽ മത്സരിക്കാൻ ആവശ്യപ്പെട്ടപ്പോഴും അദ്ദേഹം മത്സരിച്ച് വിജയിച്ചു. ഷാഫി പറമ്പിൽ തങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ അറിയാവുന്ന നേതാവാണ്. ആരെക്കുറിച്ചും എതിരായി പറയാൻ താനില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു.
അതേസമയം, രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങളോട് പരസ്യമായി പ്രതികരിക്കുന്ന പതിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ പരസ്യമായി മറുപടി പറയാറില്ല. പറയേണ്ട കാര്യങ്ങളെല്ലാം പാർട്ടിക്കുള്ളിലാണ് പറയുന്നതെന്നും പി.സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.