പീച്ചി കസ്റ്റഡി മർദനത്തിൻ്റെ ദൃശ്യങ്ങൾ Source: News Malayalam 24x7
KERALA

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

രതീഷിനെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പീച്ചി കസ്റ്റഡി മർദനത്തിൽ എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവില്‍ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്.

രതീഷിനെതിരെ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നടപടി. നേരത്തെയും പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് രതീഷിനെതിരെ പരാതികള്‍ വന്നിരുന്നു. എന്നാല്‍, അന്വേഷണ റിപ്പോർട്ട് എതിരായിട്ടുകൂടി നടപടിയുണ്ടായില്ല. പീച്ചി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്.

ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായതായും കർശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നോർത്ത് സോൺ ഐജി സൗത്ത് സോൺ ഐജിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

2023 മെയ് 24ന് ആണ് പരാതിക്ക് ആസ്പദമായ സംഭവം. പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനേയും മകന്‍ പോൾ ജോസഫിനെയും പീച്ചി എസ്ഐ ആയിരുന്ന രതീഷും പൊലീസുകാരും ചേർന്ന മർദിക്കുകയായിരുന്നു. ഹോട്ടലിൽ ഉണ്ടായ തർക്കവുമായി ബന്ധപ്പെട്ട പരാതി ഒത്തുതീർപ്പാക്കാൻ പൊലീസുകാർ ഇടപെട്ട് പണം ആവശ്യപ്പെട്ടതായും ഔസേപ്പ് ആരോപിച്ചു. പിന്നാലെ പരാതി നൽകിയ പാലക്കാട് സ്വദേശി ദിനേശിന് അഞ്ച് ലക്ഷം രൂപ കൈമാറി. വീട്ടിൽ വച്ച് പണം കൈമാറുന്ന സിസിടിവി ദൃശ്യങ്ങളും ഔസേപ്പ് പുറത്തുവിട്ടു.

വിവരാവകാശ നിയമ പ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ഔസേപ്പ് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. മാവോവാദി ഭീഷണിയും സ്ത്രീസുരക്ഷയുമാണ് പൊലീസ് കാരണമായി ചൂണ്ടിക്കാട്ടിയത്. തുടർന്ന് വിവരാവകാശ കമ്മീഷന് അപ്പീല്‍ നല്‍കിയപ്പോഴാണ് പൊലീസ് ദൃശ്യങ്ങള്‍ കൈമാറിയത്.

SCROLL FOR NEXT