Source: News Malayalam 24X7
KERALA

പാലം പൂർത്തിയായില്ല, 32 വർഷമായിട്ടും തീരാതെ പെരുമണ്ണയിലെ യാത്രാദുരിതം, പ്രതിഷേധവുമായി നാട്ടുകാർ

32 വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഇല്ലാതായതോടെയാണ് ചാലിയാറിൻ്റെ ഇരുകരകളിലെയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്

Author : ശാലിനി രഘുനന്ദനൻ

പെരുമണ്ണ:കോഴിക്കോട് പെരുമണ്ണ വെള്ളായിക്കോടിനെയും മലപ്പുറം ജില്ലയിലെ വാഴയൂർ ഭാഗത്തെയും ബന്ധിപ്പിക്കുന്ന പാലം 32 വർഷമായിട്ടും പൂർത്തിയായില്ലെന്ന് പരാതിയുമായി നാട്ടുകാർ. പാലത്തിനായി സർക്കാർ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും എങ്ങുമെത്തിയില്ലെന്നും യാത്രക്കാർ ദുരിതത്തിലാണെന്നും നാട്ടുകാർ പറയുന്നു.

പാലം നിർമ്മാണത്തിനായി ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു. ഒരു പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് 32 വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഇല്ലാതായതോടെയാണ് ചാലിയാറിൻ്റെ ഇരുകരകളിലെയും നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങിയത്.

പെരുമണ്ണ പഞ്ചായത്തിലെ വെള്ളായിക്കോടും മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തിലെ മൂളപ്പുറം കടവും ബന്ധിപ്പിച്ചുകൊണ്ട് പാലം വേണമെന്ന ആവശ്യവുമായാണ് വെള്ളായിക്കോട് കടവിൽ നാട്ടുകാർ വീണ്ടും ഒത്തുചേർന്നത്. 1992 ജനുവരി ഇരുപത്തി ആറിന് വെള്ളായിക്കോട് നിന്നും വാഴയൂരിൽ പോവുകയായിരുന്ന വിവാഹ സംഘം സഞ്ചരിച്ച തോണി മറിഞ്ഞ് ആറുപേർ മുങ്ങി മരിച്ചതോടെയാണ് വെള്ളായിക്കോട് മൂളപ്പുറം കടവിൽ പാലം വേണമെന്ന ആവശ്യം ശക്തമായത്.

ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് അന്നുതന്നെ സർക്കാർ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു. മണ്ണ് പരിശോധന ഉൾപ്പടെയുള്ളവ നടത്തി പാലം നിർമ്മിക്കേണ്ട സ്ഥലംതിട്ടപ്പെടുത്തി. കൂടാതെ അന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുകയും അന്നത്തെ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വരികയും ചെയ്തു. ഇതിനുപുറമേ ഇരുപത്തി അഞ്ച് കോടി രൂപയുടെ പ്രൊപ്പോസൽ നബാർഡിനു മുമ്പാകെ സമർപ്പിച്ചു. എന്നാൽ ഈ പ്രൊപ്പോസൽ നബാർഡ് അംഗീകരിച്ചിരുന്നില്ല.

ഇതിനെത്തുടർന്ന് സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ടോക്കൺ തുക നീക്കിവെച്ചെങ്കിലും വർഷം മുപ്പത്തിരണ്ട് കഴിഞ്ഞിട്ടും വെള്ളായിക്കോട് മൂളപ്പുറം നിവാസികൾക്ക് പാലം കിട്ടാക്കനിയായി തുടരുകയാണ്. നിലവിൽ കണ്ണെത്തുന്ന ദൂരത്തേക്ക് എത്തണമെങ്കിൽ കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. 1994 ലെ തോണി അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അന്നത്തെ ഒൻപത് വയസ്സുകാരനായിരുന്ന പെരുമണ്ണ സ്വദേശി ജിർഷാദും നാട്ടുകാർക്കൊപ്പം സമരത്തിന് മുന്നിട്ടിറങ്ങി.

SCROLL FOR NEXT