കോഴിക്കോട് പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ. പ്രവേശനോത്സവ ദിവസം ഒരു കുട്ടിയും എത്തിയില്ല. ആറ് പ്രവൃത്തി ദിവസത്തിനുള്ളിൽ ഒരു വിദ്യാർഥിയും എത്തിയില്ലെങ്കിൽ സ്കൂൾ പൂട്ടും. പ്രധാന അധ്യാപിക സ്ഥലം മാറിപ്പോയതോടെ അധ്യാപകരും ഇല്ലാത്ത അവസ്ഥയിലാണ് സ്കൂൾ.
1956ൽ സ്ഥാപിച്ചതാണ് പേരാമ്പ്ര ഗവ. വെൽഫെയർ സ്കൂൾ. പേരാമ്പ്രയിലെ പിന്നാക്ക ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രദേശത്ത് തുടങ്ങിയ വിദ്യാലയമായിരുന്നു ഇത്. ആ സ്കൂളാണ് ഇപ്പോൾ അടച്ചുപൂട്ടലിൻ്റെ വക്കിൽ നിൽക്കുന്നത്. അതിൻ്റെ ആശങ്കയും സങ്കടവുമാണ് പ്രദേശവാസികളും പങ്കുവെക്കുന്നത്.
വലിയ കാലളവിനുള്ളിൽ നിരവധി വിദ്യാർഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് വലിയ പങ്ക് വഹിച്ച സ്കൂളാണിതെന്ന് പഞ്ചായത്തംഗമായ അർജുൻ പറയുന്നു. വിവിധ മേഖലകളിൽ പെട്ട ആളുകളെ സംഭാവന ചെയ്യുന്നതിൽ സ്കൂൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കുറച്ച് കാലമായി വിദ്യാർഥികളുടെ വലിയ കുറവ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി വലിയ തോതിൽ വിദ്യാർഥികളുടെ പങ്കാളിത്തം കുറഞ്ഞു. അധ്യാപകരെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസം ഹെഡ്മിസ്ട്രസ് ഷൈമലത ടീച്ചർ ഇവിടെ നിന്നും സ്ഥലംമാറ്റം ലഭിച്ച് പോയി. സ്കൂളിലേക്ക് ഒരു വിദ്യാർഥി പോലും പ്രവേശനോത്സവത്തിന് എത്താത്ത അവസ്ഥയാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്നും അർജുൻ പറഞ്ഞു.
സ്കൂൾ പൂട്ടുന്നത് മൂലം വലിയ സങ്കടമുണ്ടെന്ന് പ്രദേശവാസിയായ സുനിയും പറയുന്നു. സ്കൂൾ നിലനിർത്താനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം എന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.