Source: Files
KERALA

പെരിയ ഇരട്ടകൊലപാതക്കേസ്: പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി

അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് സിൻഹ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് സിൻഹ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം. ഇടതു സർക്കാർ ഒഴിയുന്നതിന് തൊട്ടുമുമ്പാണ് അഞ്ചു പ്രതികൾക്ക് പരോൾ അനുവദിച്ചത്. കൂട്ടപരോൾ അനുവദിച്ചതിന് പിന്നാലെ പരാതിയുമായി കുടുംബം രംഗത്തെത്തയിരുന്നു.

കഴിഞ്ഞ ദിവസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് കൂട്ട പരോള്‍ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ആറാം പ്രതി അശ്വൻ, പതിനഞ്ചാം പ്രതി വിഷ്ണു സുര എന്നിവർക്ക് 20 ദിവസത്തേക്കായിരുന്നു പരോൾ.

2019 ഫെബ്രുവരി 17ന് വൈകുന്നേരം ആറിനും ഏഴരയ്ക്കുമിടയിലാണ് പെരിയ വില്ലേജിലെ കണ്ണാടിപാറ കല്ലിയോട്ട് വെച്ച് ശരത് ലാലും കൃപേഷും ക്രൂരമായി കൊലചെയ്യപ്പെട്ടത്. ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

SCROLL FOR NEXT