തിരുവനന്തപുരം: എയ്ഡഡ്/സ്വാശ്രയ സ്വയംഭരണ കോളേജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി. സർക്കാർ അനുമതി കൂടാതെ തന്നെ ഇനി മുതൽ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സ്വയംഭരണ മാനേജ്മെൻ്റുകൾക്ക് സാധിക്കും. ഓട്ടോണമസ് കോളേജുകൾക്ക് സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ സർക്കാർ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവ്. പുതിയ കോഴ്സുകൾ തുടങ്ങാൻ എൻഒസി വേണ്ടെന്നും സർക്കാരിനെ അറിയിച്ചാൽ മതി എന്നുമാണ് പുതിയ വ്യവസ്ഥ. പ്രവേശന നടപടികൾ പൂർത്തിയായ ശേഷം പുതിയ കോഴ്സുകളുടെയും സീറ്റ് വർധനയുടേയും വിവരം സർക്കാരിനെ അറിയിക്കണം.
സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നടപടി. സ്വയംഭരണ കോളേജുകളിലെ നിലവിലുള്ള സ്വാശ്രയ കോഴ്സുകൾ നടത്തുന്ന വ്യവസ്ഥയിലും ഇളവ് നൽകിയിട്ടുണ്ട്. ഓരോ വർഷവും എൻഒസി പുതുക്കണമെന്ന് വ്യവസ്ഥ ഇളവ് ചെയ്ത് മൂന്നുവർഷത്തിൽ ഒരിക്കൽ ആക്കി. അതേസമയം, സ്വാശ്രയ ഓട്ടോണോമസ് കോളേജുകൾക്ക് വേണ്ടിയുള്ള ഉത്തരവ് തുറന്ന സീറ്റ് കച്ചവടത്തിലേക്ക് വഴിവെക്കും എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. കോഴ വാങ്ങി സീറ്റ് വിൽക്കാനുള്ള പരസ്യമായ ഒത്താശയെന്ന് പിണറായി വിജയൻ ആരോപിച്ചു.