കെ.എസ്. സംഗീത Source: News Malayalam 24x7
KERALA

തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും കഴിഞ്ഞു; രാഹുകാലം കഴിയാതെ സ്ഥാനമേൽക്കില്ലെന്ന് പെരുമ്പാവൂർ നഗരസഭ ചെയർപേഴ്സൺ കെ. എസ്. സംഗീത

11.15ന് തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും 12 മണി കഴിഞ്ഞാണ് കെ.എസ് സംഗീത സ്ഥാനമേറ്റത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: രാഹുകാലം നോക്കി സ്ഥാനാരോഹണം നടത്തി പെരുമ്പാവൂർ പുതിയ നഗരസഭാ ചെയർപേഴ്സൺ. യുഡിഎഫ് ചെയർപേഴ്സൺ കെ.എസ്. സംഗീതയാണ് രാഹുകാലം നോക്കി സ്ഥാനാരോഹണം നടത്തിയത്. 11.15ന് തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും 12 മണി കഴിഞ്ഞാണ് കെ.എസ് സംഗീത സ്ഥാനമേറ്റത്. ഇതോടെ ആശംസകൾ അറിയിക്കാൻ എത്തിയവരെല്ലാം വലഞ്ഞു.

11.15ഓടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും അവസാനിച്ചു. എന്നാൽ രാഹുകാലം കഴിഞ്ഞിട്ട് മാത്രമേ താൻ പുതിയ ഓഫീസിലേക്ക് പ്രവേശിക്കുകയുള്ളൂ എന്ന നിലപാടിൽ ആയിരുന്നു പുതിയ ചെയർപേഴ്സൺ കെ.എസ് സംഗീത. ഇതോടെ ആശംസകൾ അറിയിക്കാൻ എത്തിയ പാർട്ടി നേതാക്കളും, മറ്റുള്ള കൗൺസിലർമാരും വലഞ്ഞു. പിന്നെ നഗരസഭ കോറിഡോറിൽ പുതിയ ചെയർപേഴ്സനായുള്ള കാത്തിരിപ്പ്.

രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഇന്നത്തെ രാഹുകാലം സമയം. ഒടുവിൽ 12.05 കഴിഞ്ഞതോടെ പുതിയ ചെയർപേഴ്സൺ തന്റെ ഓഫീസിൽ പ്രവേശിച്ച് കസേരയിൽ ഇരിപ്പുറപ്പിച്ചു. ആദ്യദിനം തന്നെ രാഹുവും കേതുവും നോക്കി പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിൽ ചിലർക്കുള്ളില്‍ മുറുമുറുപ്പ് തുടങ്ങിക്കഴിഞ്ഞു.

SCROLL FOR NEXT