കൊല്ലം: അഞ്ചലിൽ സ്ഫോടക വസ്തു കടിച്ച വളർത്തുനായ ചത്തു. മണലിൽ ഭാനു വിലാസത്തിൽ കിരണിന്റെ വളർത്തു നായയാണ് ചത്തത്. പൊട്ടിത്തെറിയിൽ നായയുടെ തല ചിന്നിചിതറി. വീട്ടുകാരുടെ പരാതിയിൽ ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കിടന്ന സ്ഫോടക വസ്തു വളർത്തുനായ വീട്ടുമുറ്റത്തേക്ക് കൊണ്ടുവന്ന് കടിക്കുകയായിരുന്നു. ഇതോടെ ഉഗ്രശബ്ദത്തോടെ സ്ഫോടക പൊട്ടിത്തെറിച്ചു. നായയുടെ തല ചിന്നിച്ചിതറി.
ഉറക്കത്തിലായിരുന്ന വീട്ടുകാർ ഉഗ്രശബ്ദം കേട്ട് പുറത്തെത്തി നോക്കി. അയൽവാസികളും എത്തി. കനത്ത സ്‌ഫോടനത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ചുവരുകൾക്ക് വിള്ളലുണ്ടായി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നായ കടിച്ചുകൊണ്ടുവന്ന സ്ഫോടക വസ്തു പൊട്ടിയതാണെന്ന് മനസിലായത്.
വീട്ടുകാരുടെ പരാതിയിൽ പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. പന്നിപ്പടക്കം ആയിരിക്കാം എന്നാണ് പൊലീസ് സംശയം. സ്ഫോടക വസ്തു വെച്ചതായി സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.