പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമിച്ചതായി പമ്പുടമയുടെ പരാതി. വാണിയംകുളം ടൗണിലെ കെഎം പെട്രോൾ പമ്പിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കുപ്പിയിൽ പെട്രോൾ വാങ്ങാൻ ഓട്ടോറിക്ഷയിൽ എത്തിയ മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. കുപ്പിയിൽ പെട്രോൾ തന്നില്ലെങ്കിൽ പമ്പിന് തീവയ്ക്കും എന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ക്യാനിൽ പെട്രോൾ വാങ്ങിയ ശേഷം നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
കുപ്പി കൊണ്ടുവന്നിട്ടില്ലെന്നും ഒരു കുപ്പിയിൽ പെട്രോൾ നിറച്ച് തരണമെന്നുമായിരുന്നു ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടത്. കുപ്പി ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞതാണ് അതിക്രമത്തിന് കാരണമായതെന്നാണ് പമ്പുടമ പറയുന്നത്. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പമ്പിൽ കുപ്പി ഉണ്ടോയെന്ന് പരിശോധിച്ചെന്നും ജീവനക്കാരെ അസഭ്യം പറയുകയും വാക്കു തർക്കം ഉണ്ടായെന്നും പമ്പുടമ പറയുന്നു. സംഭവത്തിൽ പമ്പ് മാനേജർ ഷോർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.