ടി. സിദ്ദിഖ്, ശ്രുതി, ഫിലാകാലിയ ഫൗണ്ടേഷൻ ഉടമ ജിജി മരിയോ 
KERALA

"ടി. സിദ്ദിഖിനെ ക്ഷണിച്ചത് തറക്കല്ലിടലിന്"; കെ. റഫീഖിന്റെ ആരോപണം തള്ളി ഫിലാകാലിയ ഫൗണ്ടേഷൻ

ടി. സിദ്ദിഖിന് വീട് നിർമാണവുമായി ബന്ധമില്ലെന്നും ഫിലാകാലിയ ഫൗണ്ടേഷൻ ഉടമ ജിജി മരിയോ പറ‍ഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വയനാട്: ഉരുൾപ്പൊട്ടൽ ദുരിതബാധിത ശ്രുതിക്ക് വീട് നൽകുന്നതിൽ കെ. റഫീഖിന്റെ ആരോപണം തള്ളി ഫിലാകാലിയ ഫൗണ്ടേഷൻ. വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചത് ഫിലാകാലിയ ഫൗണ്ടേഷനും ടൈം ന്യൂസും ചേർന്നായിരുന്നുവെന്ന് സ്ഥാപന ഉടമ ജിജി മരിയോ പറഞ്ഞു. എംഎൽഎ എന്ന നിലയിലാണ് ടി. സിദ്ദിഖിനെ തറക്കല്ലിടലിന് ക്ഷണിച്ചത്. ടി. സിദ്ദിഖിന് വീട് നിർമാണവുമായി ബന്ധമില്ലെന്നും ജിജി മരിയോ പറ‍ഞ്ഞു.

കഴിഞ്ഞ ദിവസമാണ് ദുരന്തത്തിൽ കുടുംബത്തെയാകെ നഷ്ടപ്പെട്ട ശ്രുതിയെയും കോൺഗ്രസ് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായി ജില്ലാ സെക്രട്ടറി കെ. റഫീഖ് രം​ഗത്തെത്തിയത്. ദുരന്തബാധിതരെ സഹായിക്കുന്നതിനായി പിരിച്ച പണത്തിൻ്റെ കണക്ക് സണ്ണി ജോസഫ് പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു കെ. റഫീഖിന്റെ ആരോപണം. 120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞ വീഡിയോ ഇപ്പോഴും ഫേസ് ബുക്ക് പേജിലുണ്ടെന്നും റഫീഖ് പറഞ്ഞിരുന്നു.

കോൺഗ്രസിൻ്റെ വാഗ്‌ദാനം ലഭിച്ചതിനാൽ ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി. ഇപ്പോൾ പണം തിരികെ നൽകാമെന്നും, ടൗൺഷിപ്പിൽ വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ് എന്നും റഫീഖ് പറഞ്ഞു. കേരളം മുഴുവൻ ചേർത്ത് നിർത്തിയ ശ്രുതിയെ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണ് ഉണ്ടായതെന്നും റഫീഖ് വിമർശിച്ചിരുന്നു.

എന്നാൽ ആരോപണം പൂർണമായും തള്ളിയാണ് ടി. സിദ്ദിഖ് രം​ഗത്തെത്തിയത്. ശ്രുതിക്ക് വീട് വച്ച് നൽകാമെന്ന് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ടി. സിദ്ദിഖിൻ്റെ മറുപടി. എൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട്‌ ചെയ്ത് പ്രചരിപ്പിച്ചു. വീട് സ്പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു ആ പോസ്റ്റിട്ടത്. സിപിഐഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് റഫീഖ് പച്ചക്കള്ളം പറയുകയാണെന്നും ടി. സിദ്ദിഖ് പ്രതികരിച്ചിരുന്നു. സംഭവത്തിൽ റഫീഖിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലുമാണ് പരാതി നൽകുക.

തനിക്കെതിരെ കള്ള പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് ടി സിദ്ദിഖിന്റെ പരാതി. ഫെയ്സ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും പരാതി നൽകുമെന്നും ടി സിദ്ദിഖ് പറഞ്ഞു. കള്ള പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ കൃത്രിമത്വം നടത്തിയെന്നും കാട്ടിയാണ് പരാതി നൽകുകയെന്നും ടി. സിദ്ദിഖ് പറഞ്ഞു.

SCROLL FOR NEXT