കൊച്ചി: താരസംഘടന 'അമ്മ'യിലെ ചേരിപ്പോര് കൊടുമ്പിരി കൊള്ളവേ ഗുരുതര ആരോപണങ്ങളുമായി നടി ശ്വേത മേനോൻ. ജനറൽ ബോഡിയിൽ സിദ്ദീഖും ബാബുരാജും ഉൾപ്പെടെ ഉള്ളവർ തന്നെ ഹീനമായി അവഹേളിച്ചു എന്നാണ് ആരോപണം. അവർ പറഞ്ഞത് മറ്റൊരു സ്ത്രീയും കേട്ടുനിൽക്കില്ല. താൻ ബിജെപിയിൽ നിന്ന് പണം വാങ്ങി എന്നാരോപിച്ച ബാബുരാജിനെ കോടതിയിൽ കാണുമെന്നും രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണത്തിൽ ശ്വേത പറയുന്നു. ബാബുരാജിൻ്റെ കാലത്തെ വരവ് ചെലവ് കണക്കുകൾ ശരിയല്ലെന്നും ആരോപിക്കുന്നുണ്ട്. അതേസമയം നിരപരാധിത്വം തെളിയിക്കാൻ രാജി വയ്ക്കേണ്ടി വരുമെന്ന് രമേഷ് പിഷാരടി ശ്വേതയോട് പറയുന്നു.
ജനറൽ ബോഡിയിൽ മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്യാൻ പോലും സമ്മതിച്ചില്ലെന്ന് ശ്വേത പറയുന്നുണ്ട്. മീറ്റിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ തനിക്കെതിരെ ഗുരുതര ആരോപണങ്ങളും അസഭ്യവർഷവും അശ്ലീല പരാമർശങ്ങളും 'അമ്മ'യിലെ അംഗങ്ങൾ നടത്തി. ബാബുരാജ്, സിദ്ദിഖ്, മാലാ പാർവതി, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ പേരാണ് ശ്വേത എടുത്ത് പറയുന്നത്. ഒരു സ്ത്രീയും കേട്ടുനിൽക്കാത്ത കാര്യങ്ങളാണ് പറഞ്ഞത്. തനിക്ക് അതൊന്നും കേട്ടുനിൽക്കാൻ തൊലിക്കട്ടി ഉണ്ടായിട്ടല്ല, 'അമ്മ' സംഘടനയെ കുറിച്ച് ആലോചിച്ചിട്ടാണെന്ന് ശ്വേത പറയുന്നു. കൊല്ലം തുളസി, മല്ലികാ സുകുമാരൻ തുടങ്ങിയവർ തങ്ങൾക്ക് അനുകൂലമായി നിന്ന് സംസാരിച്ചപ്പോൾ അവരുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും അനൂപ് ചന്ദ്രൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ശ്വേത പിഷാരടിയോട് പറയുന്നുണ്ട്. അമ്മ നിയമാവലിയിൽ അഡ്ഹോക്ക് കമ്മിറ്റി എന്നൊന്നില്ലെന്നും നിയമപരമായി ഇപ്പോഴുള്ള ഭരണസമിതി തന്നെയാണ് ഉള്ളത്, സംഘടനയ്ക്ക് അകത്ത് നിന്നുകൊണ്ട് തൻ്റെ നിരപരാധിത്വം തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും ശ്വേത പറയുന്നുണ്ട്.
എന്നാൽ, സംഘടനയ്ക്കുള്ളിൽ നിന്നുകൊണ്ട് നിരപരാധിത്വം തെളിയിക്കാൻ സാധിക്കില്ലെന്ന് രമേഷ് പിഷാരടി മറുപടി നൽകുന്നുണ്ട്. അമ്മയിൽ പലതും ബാർട്ടർ സംവിധാനമായിരുന്നുവെന്ന് പിഷാരടി ശ്വേതയോട് പറയുന്നുണ്ട്. അസോസിയേഷൻ്റെ കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ചാരിറ്റബിൾ ട്രസ്റ്റ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ അതിലുണ്ടാകുമെന്നും രമേഷ് പിഷാരടി പറയുന്നു.