സിഎംആർഎൽ - എക്സാലോജിക് ഇടപാടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നതിൽ രാഷ്ട്രീയ തീരുമാനം കാത്ത് സംസ്ഥാന സർക്കാർ. പിണറായിക്കെതിരെ അന്വേഷണമാകാമെന്ന് അഡ്വക്കേറ്റ് ജനറലും ഡിജിപിയും സർക്കാരിന് നിയമോപദേശം നൽകി. ഇതോടെ പ്രാഥമിക അന്വേഷണത്തിന് സർക്കാർ ഒരുങ്ങവേ, വിഷയത്തിൽ സിപിഐഎമ്മിനൊപ്പം ചേരാതെ ഒഴിഞ്ഞുമാറുകയാണ് സിപിഐ. എന്നാൽ, യുഡിഎഫ്-ബിജെപി ഒത്തുകളി നടക്കുന്നതായി ആരോപിച്ച് പിണറായിക്ക് പൂർണ പ്രതിരോധം തീർക്കുകയാണ് സിപിഐഎം നേതൃത്വം.
ഇഡി കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുത്ത് അന്വേഷിക്കാമെന്ന് അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും വ്യക്തമാക്കിയെങ്കിലും, കോൺഗ്രസ് കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം ബാക്കിയാണ്. കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ദേശീയ തലത്തിൽ രാഹുൽ ഗാന്ധി വാദിക്കുമ്പോൾ, കേരളത്തിൽ ഇഡി കത്തിന്റെ പേരിൽ പിണറായിക്കെതിരെ തിരിയുന്നത് വിരുദ്ധ സന്ദേശം നൽകുമോ എന്ന ആശങ്ക നേതൃത്വത്തിനുണ്ട്. രാഹുൽ ഗാന്ധിയുമായി ഈ വിഷയം ആലോചിക്കേണ്ടതില്ലെന്നും, സംസ്ഥാനത്ത് തന്നെ തീരുമാനമെടുക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. അപ്പോഴും മുഖ്യമന്ത്രി വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ ഹൈക്കമാന്‍ഡിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
വിജിലൻസ് അന്വേഷണത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിൽ എൽഡിഎഫിൽ വിള്ളൽ വീഴ്ത്തുന്നതാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം. മറ്റ് വിഷയങ്ങളിൽ സിപിഐഎമ്മിന് ഒപ്പം ഉറച്ചുനിൽക്കാറുള്ള സിപിഐ, ഈ വിഷയത്തിൽ കാര്യങ്ങൾ പഠിച്ചിട്ട് പറയാമെന്ന സൂക്ഷ്മമായ രാഷ്ട്രീയ അകലം പാലിക്കുകയാണ്.
അതേസമയം വിജിലൻസ് നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം നേതാക്കൾ കൂട്ടത്തോടെ പ്രതിരോധം തീർത്തു. ദേശീയതലത്തിൽ ബിജെപിയെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ അവരുമായി കൂട്ടുപിടിക്കുകയാണെന്ന് നേതാക്കൾ തുറന്നടിച്ചു. സർക്കാരിന് ധൈര്യമുണ്ടെങ്കിൽ എഫ്ഐആർ ഇടട്ടെയെന്ന് എ.കെ. ബാലന്‍ വെല്ലുവിളിച്ചു. രാഷ്ട്രീയ ലാഭത്തിനായി സംഘപരിവാറിന് പരവതാനി വിരിച്ചു കൊടുക്കുന്ന സമീപനമാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നായിരുന്നു പി. ജയരാജന്‍റെ വിമര്‍ശനം.
നേരിട്ട് കേസെടുക്കുന്നതിന് പകരം, ആദ്യം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനും, ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുമാണ് ആഭ്യന്തര വകുപ്പിലെ നിലവിലുള്ള ധാരണ.