കണ്ണൂർ: നടിയെ ആക്രമിച്ച കേസിലെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ നിയമപരമായ പരിശോധന സർക്കാർ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നല്ല രീതിയിൽ കൈകാര്യം ചെയ്തു എന്നാണ് പൊതു അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എന്ന നിലയിൽ കൃത്യമായ നിലപാട് സ്വീകരിച്ചു.വിധിയുമായി ബന്ധപ്പെട്ട് നിയമപരമായ വശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. അതിജീവിതയ്ക്ക് എല്ലാ ഘട്ടത്തിലും പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടൂർ പ്രകാശിന്റേത് കോൺഗ്രസിന്റെ നിലപാടിന്റെ ഭാഗമായുള്ള പ്രതികരണമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വേറെ പണിയില്ലാത്തത് കൊണ്ടാണോ അപ്പീൽ പോകുന്നത് എന്ന് ചോദിച്ചത് നാടിന്റെ പൊതുവികരത്തിന് എതിരായ പ്രതികരണമാണ്. ഗൂഢാലോചന സംബന്ധിച്ച് ദിലീപ് പറയുന്നത് അദേഹത്തിന്റെ തോന്നലുകൾ മാത്രം. പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോയതെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ നിലപാടിൽ മലക്കം മറിഞ്ഞിരിക്കുകയാണ് അടൂർ പ്രകാശ്. അതിജീവിതയ്ക്ക് ഒപ്പമാണെന്നും തൻ്റെ വാക്കുകൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചെന്നുമാണ് ന്യായീകരണം. സർക്കാരിന് അപ്പീൽ പോകാമെന്നും മണിക്കൂറുകൾക്കകം മാറ്റിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അടൂർ പ്രകാശ്.
കേസിൽ അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന കോൺഗ്രസ് നിലപാടിന് കടകവിരുദ്ധമായ പ്രതികരണമാണ് രാവിലെ അടൂർ പ്രകാശ് നടത്തിയത്. കേസിൽ ദിലീപിന് നീതി ലഭിച്ചെന്നും സർക്കാർ അപ്പീൽ പോകുന്നത് വേറെ പണി ഇല്ലാത്തതു കൊണ്ടാണെന്നുമായിരുന്നു അടൂർ പ്രകാശ് രാവിലെ പറഞ്ഞത്.