KERALA

ഭയം, ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുത; സിജെപിയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച നടപടിയില്‍ പിണറായി വിജയന്‍

ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധം അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് തങ്ങള്‍ക്കെതിരായ വികാരങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കും എന്ന ഭയമാണ്. ഈ ഭയമാണ് ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതില്‍ പ്രതിഷേധിക്കണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന യുവജന കൂട്ടായ്മയുടെ എക്‌സ് അക്കൗണ്ട് പൂട്ടിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ്. രാഷ്ട്രീയ പ്രതിഷേധ പ്രസ്ഥാനമായി ഇത് വളര്‍ന്നു വരുമോ എന്ന ആശങ്കയെയും അത് വെളിപ്പെടുത്തുന്നു. എന്തിനാണ് ബിജെപി ഇങ്ങനെ പേടിക്കുന്നത്?

ബിജെപിയുടെ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങളെക്കാള്‍ ജനശ്രദ്ധയും സ്വീകാര്യതയും ഈ പ്ലാറ്റ്‌ഫോമിന് വളരെ വേഗം ലഭിച്ചു. തൊഴില്‍ രാഹിത്യവും അവഗണനയും അനുഭവിക്കുന്ന യുവജനങ്ങള്‍ ഈ പൊടുന്നനെയുള്ള പ്രതിഷേധത്തില്‍ ആകൃഷ്ടരായത് നിലവിലുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തോടുള്ള കടുത്ത അസന്തുഷ്ടിയുടെ പ്രതിഫലനമാണ്.

''പാറ്റകള്‍'' എന്ന വിശേഷണത്തിനെതിരായ പ്രതിഷേധം ക്ഷിപ്ര പ്രതികരണമായി ചുരുക്കി കാണേണ്ട ഒന്നല്ല. തൊഴിലില്ലായ്മയും അസമത്വവും ചൂഷണവും നിറഞ്ഞ വ്യവസ്ഥിതിക്കെതിരായുള്ള ശക്തമായ രാഷ്ട്രീയ പ്രതികരണത്തിന്റെ തീക്ഷ്ണത അതില്‍ കാണാവുന്നതാണ്. ഈ വികാരം കൂടുതല്‍ വ്യാപിക്കുമെന്ന ഭയമാണ് കേന്ദ്രസര്‍ക്കാരിനെ ജനാധിപത്യപരമായ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികളിലേക്ക് നയിക്കുന്നത്.

ഒരു രാഷ്ട്രീയ ആശയത്തോടോ പ്രതിഷേധരൂപത്തോടോ വിയോജിപ്പുണ്ടാകാം. എന്നാല്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും വിനിയോഗിക്കുന്ന ഒരു യുവജന പ്രതിഷേധത്തെ നിയമങ്ങളെയോ ഭരണനടപടികളെയോ ദുരുപയോഗം ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ഇന്ത്യയുടെ ആത്മാവിനും ഭരണഘടനാപരമായ മൂല്യങ്ങള്‍ക്കും വിരുദ്ധമാണ്.

കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിലും അഭിപ്രായസ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്ന എല്ലാ ശക്തികളും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

SCROLL FOR NEXT