കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമുള്ളയാളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രാഹുലിന് വെട്ടുക്കിള കൂട്ടം സംരക്ഷണമൊരുക്കിയെന്നും പൊലീസ് ഫലപ്രദമായി തന്നെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി എറണാകുളത്ത് പറഞ്ഞു.
രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസ് അവസാനിപ്പിക്കണം. മനുഷ്യ മനസാക്ഷിയെ ഞട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇത്തരം ആളുകളെ മാറ്റി നിര്‍ത്തുകയല്ലേ വേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന് എല്ലാം നേരത്തെ അറിയാമായിരുന്നു. എന്നിട്ടും രാഹുലിനെ ഭാവിയിലെ നിക്ഷേപം എന്ന് വിശേഷിപ്പിച്ചു. പരാതിപ്പെടുന്നവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി. കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് സംസാരിക്കുമ്പോള്‍ സ്വന്തം അണികള്‍ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുകേഷ് എംഎല്‍എയ്‌ക്കെതിരായ ചോദ്യത്തില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ല. എത്ര ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജയിലില്‍ കിടന്നിട്ടുണ്ട് അവരെ പുറത്താക്കിയോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. കേരളത്തിന്റെ വികസനത്തെ കുറിച്ച് കൃത്യമായ കാഴ്ച്ചപ്പാടുണ്ടെന്നും പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പണവും അധികാരവും നല്ല നിലയില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 1 ലെ അതിദാരിദ്ര മുക്താവസ്ഥ അതിന് ഉത്തമ ഉദാഹരണമാണ്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യകരമായ മത്സരം നടത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതല്‍ ശാക്തീകരിക്കും. രാജ്യത്തെ മതനിരപേക്ഷതയും, ഫെഡറല്‍ സംവിധാനങ്ങള്‍ സംരക്ഷിക്കപ്പെടണം. മതനിരപേക്ഷത ഊട്ടി ഉറപ്പിക്കാന്‍ കൃത്യമായ ബദല്‍ പരിപാടി ഇടതുമുന്നണിക്ക് ഉണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുന്നു.
കൊച്ചി നഗരത്തിന് വലിയ മാറ്റങ്ങള്‍ കൊണ്ട് വരാന്‍ കഴിഞ്ഞു. ജനങ്ങളുടെ ജീവിത നിലവാരത്തെ നേരിട്ട് സ്പര്‍ശിക്കുന്ന മാറ്റം ഉണ്ടായി. വാട്ടര്‍ മെട്രോ മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കാന്‍ ബന്ധപ്പെടുന്നുണ്ട്. വിദേശ രാഷ്ട്രങ്ങള്‍ പോലും വാട്ടര്‍മെട്രോ പകര്‍ത്താന്‍ ശ്രമിക്കുന്നു. വിശപ്പ് രഹിത കൊച്ചി വലിയ നേട്ടമാണ്. തമ്മനം-പുല്ലേപ്പടി റോഡ് വികസനം യാഥാര്‍ത്ഥ്യമായുന്നതിന് വേണ്ട നടപടി സ്വീകരിച്ചു. ഗതാഗത കുരുക്ക് പരിഹാരമായെന്നും മുഖ്യമന്ത്രി പറഞ്ഞു.