തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. നിപയെ ഗൗരവത്തോടെ കണ്ടില്ല. ആരോഗ്യമേഖല സജ്ജമാക്കാനും ഇടപെടൽ നടത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ സർക്കാർ മുൻകൈ എടുത്തില്ല.
നേരത്തെ ആരോഗ്യമന്ത്രിമാർ ഇക്കാര്യങ്ങളിൽ കൃത്യമായി ഇടപെടൽ നടത്തിയിരുന്നു. ഇപ്പോഴുള്ളത് അത്യന്തം ശോചനീയമായ അവസ്ഥയാണെന്നും പിണറായി വിജയൻ പറഞ്ഞു.
തന്നെ കെട്ടിപ്പിടിക്കാൻ കഴിയില്ലെന്ന് ഇന്ത്യ മുന്നണി യോഗത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ചതിനോട് പ്രതികരിച്ച് പിണറായി വിജയൻ. രാഹുൽ മോദിയെ കെട്ടിപ്പിടിക്കുന്ന ചിത്രം താൻ കണ്ടുവെന്നും ബിജെപിയുടെ സഹായിയായി രാഹുൽ മാറിയെന്നും പിണറായി ആരോപിച്ചു.
ആളുകളെ കാണുമ്പോൾ സാധാരണ കെട്ടിപ്പിടിക്കുന്ന രീതി തനിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. കെട്ടിപ്പിടിക്കൽ സാധാരണ നിലയിൽ നമുക്ക് ഇടയിൽ ഉണ്ടാകാറില്ല. അപൂർവമായി ചില ആളുകളെ കെട്ടിപ്പിടിക്കാറുള്ളൂ. ഞാനും രാഹുൽ ഗാന്ധിയും കാണുമ്പോൾ ഒന്നുകിൽ പരസ്പരം വണങ്ങും അല്ലെങ്കിൽ കൈ കൊടുക്കും. പക്ഷേ കെട്ടിപ്പിടിച്ച ഒരു ഫോട്ടോ കണ്ടു.
രാഹുൽ മോദിയെ ചെന്ന് കെട്ടിപ്പിടിക്കുന്ന ഫോട്ടോ. അതിൽ എനിക്ക് ആക്ഷേപമില്ല. പക്ഷേ അദ്ദേഹം ഇന്ത്യ മുന്നണി യോഗത്തിൽ പറഞ്ഞത് മറ്റൊരു തരത്തിലുള്ള ചിത്രീകരണമാണ്. രാഹുലിൻ്റെ സമീപനംകൊണ്ടാണ് ഇന്ത്യ മുന്നണി ഇപ്പോഴത്തെ പ്രതിസന്ധിയിലെത്തിയതെന്നും പിണറായി കുറ്റപ്പെടുത്തി.
രാഹുലിൻ്റെ സംസാര രീതി ഇതാണ്. ഇന്ത്യ മുന്നണി ഇന്ന് എത്തിച്ചേർന്ന സ്ഥിതി വിശേഷത്തിൽ അഖിലേഷ് യാദവും തേജസ്വി യാദവും അടക്കമുള്ള നേതാക്കൾ ശബ്ദമുയർത്തിയിട്ടുണ്ട്. കോൺഗ്രസിൻ്റെ നിലപാടിനെതിരെയാണ് അവർ ശബ്ദിച്ചതെന്നും പിണറായി പറഞ്ഞു.