Source: News Malayalam 24x7
KERALA

ഇതുകൊണ്ടൊന്നും തളർത്തി കളയാമെന്ന് കരുതേണ്ടെന്ന് പിണറായി; തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് റിയാസ്

തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പിണറായി പ്രവർത്തകരെ അഭിവാദ്യം ചെയ്തു...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം‌: ഇഡിയുടേത് പ്രതിപക്ഷ നേതാക്കൾക്ക് എതിരായ കരുതിക്കൂട്ടിയുള്ള ആക്രമണം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വീട്ടിൽ കയറിയുള്ള പരിശോധനയ്ക്ക് ഇഡി ഏറെക്കാലമായി ശ്രമിക്കുന്നു. ഇതുകൊണ്ടൊന്നും തളർത്തികളയാമെന്ന് കരുതേണ്ടെന്നും പിണറായി വിജയൻ. റെയ്ഡിന് പിന്നാലെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ പിണറായി പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

മുകളിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഇഡി ഉദ്യോഗസ്ഥർ എത്തിയതെന്ന് പിണറായി പറഞ്ഞു. അവർ അതിരു കടന്ന് ഇടപെട്ടിട്ടില്ല. രാഹുൽ ഗാന്ധിക്ക് ഈ റെയ്ഡ് മനഃസംതൃപ്തി നൽകി കാണും. ഇത് കൊണ്ടൊന്നും അവസാനിക്കില്ല. പാർട്ടി ശത്രുക്കൾ കൊത്തിവലിക്കാൻ ഒരുങ്ങിയ എല്ലാ സന്ദർഭങ്ങളിലും പാർട്ടി സഖാക്കൾ കരുത്തായി വന്നിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് മുഹമ്മദ് റിയാസ് എംഎൽഎ പ്രതികരിച്ചു. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ല. സിപിഐഎമ്മിൽ പ്രവർത്തിക്കുന്നത് മന്ത്രിയാകുമോ എംഎൽഎ ആകുമോ എന്ന് നോക്കിയല്ല. എന്നാൽ ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ട. തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും റിയാസ് പറഞ്ഞു. കോഴിക്കോട്ടെ വീട്ടിലെത്തിയായിരുന്നു റിയാസിൻ്റെ പ്രതികരണം.

അതേസമയം, തിരുവനന്തപുരത്ത് പിണറായിയുടെ വീടിന് മുന്നിൽ ആക്രമാസക്തരായി പാർട്ടി പ്രവർത്തകർ. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ലുകൾ പ്രവർത്തകർ അടിച്ച് തകർത്തു. ഇഡി ഉദ്യോഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഐഎം പ്രവർത്തകർ പ്രതിഷേധിച്ചു.

SCROLL FOR NEXT