KERALA

ബുൾഡോസർ രാജ് വിവാദങ്ങൾക്കിടെ കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരേ വേദിയില്‍; സിദ്ധരാമയ്യ സംസാരിക്കുമ്പോൾ വേദിയിലുണ്ടാകില്ലെന്ന് പിണറായി

മുൻകൂട്ടി നിശ്ചയിച്ച മന്ത്രിസഭാ യോഗമുള്ളതുകൊണ്ട് നേരത്തേ പോകേണ്ടിവരും അത് മര്യാദകേടായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

Author : ലിൻ്റു ഗീത

തിരുവനന്തപുരം: 93ാം മത് ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പങ്കെടുത്തു. യെലഹങ്ക ഫക്കീർ കോളനിയിലേയും വസീം ലേ ഔട്ടിലേയും കുടിയൊഴിപ്പിക്കലിനെച്ചൊല്ലി കൊമ്പുകോർത്തതിന് തൊട്ടുപിന്നാലെ കേരള, കർണാടക മുഖ്യമന്ത്രിമാർ ഒരു വേദിയിൽ എത്തിയതായിരുന്നു തൊണ്ണൂറ്റിമൂന്നാമത് ശിവഗിരി തീർത്ഥാടനത്തിൻ്റെ ഉദ്ഘാടന സമ്മേനത്തിൻ്റെ രാഷ്ട്രീയ കൗതുകം. പക്ഷേ വിവാദത്തെപ്പറ്റി ഇരുവരും ഒന്നും സംസാരിച്ചില്ല. സൗഹാർദത്തോടെ പരസ്പരം അഭിവാദ്യം ചെയ്തു. കർണാടക മുഖ്യമന്ത്രി സംസാരിക്കുമ്പോൾ താൻ വേദിയിൽ ഉണ്ടാകേണ്ടതാണ്. പക്ഷേ മുൻകൂട്ടി നിശ്ചയിച്ച മന്ത്രിസഭാ യോഗമുള്ളതുകൊണ്ട് നേരത്തേ പോകേണ്ടിവരും അത് മര്യാദകേടായി കാണരുത് എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി സംസാരം തുടങ്ങിയത്.

രാജ്യത്ത് നടക്കുന്നത് സാംസ്കാരിക ഫാസിസമാണെന്നും പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ ബഹസ്വരത തകർക്കപ്പെടുകയാണ്. ഇത് സാംസ്കാരിക ഫാസിസമാണെന്ന് തിരിച്ചറിയാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണം. ജീവിത ചുറ്റുപാടുകളിൽ കാണുകയും അനുഭവിക്കുകയും ചെയ്‌ത അസംബന്ധ കാര്യങ്ങൾക്കെതിരെ ശ്രീനാരായണഗുരു ശബ്‌ദിച്ചിരുന്നുവെന്നും ചാതുർവർണ്യ വ്യവസ്ഥയെ തകർക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബ്രഹ്മണ്യത്തിനെതിരെയാണ് ശ്രീനാരായണഗുരു പ്രവർത്തിച്ചത്. ക്ഷത്രിയ ബ്രാഹ്മണ അധികാര വ്യവസ്ഥയ്ക്കെതിരെ ഉയർന്ന അടിച്ചമർത്തപ്പെട്ടവന്റെ കലാപമാണ് അരുവിപ്പുറത്തെ പ്രതിഷ്ഠ. ഐതിഹ്യങ്ങളെ ചരിത്രങ്ങളായി അവതരിപ്പിക്കുന്നു. ശിവഗിരി തീർത്ഥാടനം ഈഴവരുടേത് മാത്രമാകരുത് എന്ന് ഗുരു പറഞ്ഞിരുന്നു. അറിവിന്റെ തീർത്ഥാടകരാകണം. സർവമത സാഹോദര്യത്തോടെയാകണം എന്നും നിർദേശം നൽകി. ഗുരുവിൻ്റെ പാതയിലൂടെയാണ് കേരള സർക്കാർ മുന്നോട്ട് പോകുന്നത്. വിവിധ വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി.

അധികാരം കൈയ്യിലുള്ള പലരും കുട്ടികളെ അസംബന്ധം പഠിപ്പിക്കുന്ന കാലമാണിത്. അസംബന്ധം പഠിച്ച് നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ട് പോകുന്നു. ഗുരു ചെറുക്കാൻ ശ്രമിച്ച അന്ധവിശ്വാസത്തെ സിലബസിൽ ചേർക്കാൻ ശ്രമിക്കുന്നു. ഇത് ഗുരു നിന്ദയാണ്. ഒരു മതത്തിൻ്റെ രാഷ്ട്രമെന്ന സങ്കൽപ്പം ഗുരു നിന്ദയാണ്. ഒരു ഭക്തനും അങ്ങനെ പോകില്ലെന്ന് ഉറപ്പാണ്. ഗുരുദേവദർശനങ്ങളെ വക്രീകരിച്ച് ഹൈജാക്ക് ചെയ്യാൻ ചില ശക്തികൾ ശ്രമിക്കുന്നു, മുഖ്യമന്ത്രി.

അതേസമയം, മലയാളത്തിൽ നമസ്കാരം പറഞ്ഞുതുടങ്ങിയ സിദ്ധരാമയ്യ വിദ്വേഷ രാഷ്ട്രീയത്തിനുള്ള മറുപടിയാണ് ഗുരുദേവ ദർശനമെന്നും വിഭജനത്തിൻ്റെ രാഷ്ട്രീയത്തെ എതിർത്ത് തോൽപ്പിക്കണം എന്നും പറഞ്ഞു. ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്ന് ശിവഗിരി ഓർമിക്കുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു. അദ്വൈതം എന്ന ധര്‍മശാസ്ത്ര ചിന്താ പദ്ധതിയെ ഗുരു പ്രായോഗിക ജീവിത പദ്ധതിയാക്കിയെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വിഭാഗീയത ഇല്ലാതെ സര്‍വരും സാഹോദര്യരായി കഴിയുന്ന ഏകലോകമാണ് ഗുരു വിഭാവനം ചെയ്തതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ, എംപിമാർ, എംഎൽഎമാർ അടക്കം തീർത്ഥാടന സമ്മേളനത്തിൽ പങ്കെടുത്തു.

SCROLL FOR NEXT