തിരുവനന്തപുരം: ഹിറ്റ്‌ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ സേനയ്ക്ക് ഹൈഡ്ര എന്ന പേരിട്ടതെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പരാമര്‍ശം അങ്ങേയറ്റം ഞെട്ടിക്കുന്നതെന്നും മുഖ്യമന്ത്രിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് പഴയ സംഘപരിവാര്‍ പശ്ചാത്തലമെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്. കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ല. കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്.
ഹിറ്റ്‌ലറുടെ ഹൈഡ്ര ഒരു പോപ് കള്‍ച്ചര്‍ സൃഷ്ടി മാത്രമായിരുന്നെങ്കില്‍ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയിരിക്കുകയാണ്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയുക തന്നെ വേണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ ചുരുക്കപ്പേരാണ് ഹൈഡ്ര. സര്‍ക്കാര്‍ ഭൂമികളിലെയും പാര്‍ക്കുകളിലേയും തടാകങ്ങളിലേയും കയ്യേറ്റം തടയാന്‍ എന്ന പേരില്‍ 2024 ലാണ് രേവന്ത് റെഡ്ഡി ഹൈഡ്ര പ്രൊജക്ട് രൂപീകരിച്ചത്.
പാവപ്പെട്ടവര്‍ തടാകങ്ങളും തോടുകളും കയ്യേറുന്നത് തനിക്ക് മനസിലാകും. പക്ഷെ ഇപ്പോള്‍, ധനികര്‍ അവരുടെ ഫാം ഹൗസുകളുടെ ഡ്രെയിനേജ് സംവിധാനങ്ങള്‍ ജാലശയങ്ങളുമായി ബന്ധിപ്പിക്കാന്‍ കയ്യേറ്റം നടത്തുകയാണ്. ഈ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചതു കൊണ്ടാണ് ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.
ഇതിനു ശേഷമായിരുന്നു രേവന്ത് റെഡ്ഡിയുടെ വിവാദ പരാമര്‍ശം. ടാസ്‌ക് ഫോഴ്സിന് ഹൈഡ്ര എന്ന പേര് നല്‍കിയത് ഹിറ്റ്ലറിന്റെ പ്രിയപ്പെട്ട വാക്കില്‍ നിന്നാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
'ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കാണ് ഹൈഡ്ര. ആരേയും കൊല്ലാന്‍ അധികാരമുള്ള അദ്ദേഹത്തിന്റെ ഏറ്റവും സുപ്രധാന സംഘം. ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹൈഡ്ര എന്ന പേര് സ്വീകരിച്ചത്''.
ഇതുകൊണ്ടും രേവന്ത് റെഡ്ഡി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചില്ല. ഹൈഡ്രയുടെ പ്രവര്‍ത്തനങ്ങളെ എടുത്തു പറയാന്‍ ഇസ്രയേലിനോട് ഉപമിക്കുകയും ചെയ്തു. ഇസ്രയേല്‍ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടത്തുന്ന ആക്രമങ്ങളോടായിരുന്നു ഉപമ.
'വലിയ രീതിയിലുള്ള പൊളിച്ചു നീക്കല്‍ താന്‍ നടത്തിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിങ്ങള്‍ നോക്കുകയാണെങ്കില്‍, യുദ്ധം മൂലമുണ്ടായ ഇസ്രായേലിന്റെയോ അല്ലെങ്കില്‍ അത്തരം മറ്റേതെങ്കിലും തകര്‍ക്കലുകളുമായോ അതിനെ ഉപമിക്കാന്‍ കഴിയും, അതിനെ ഹൈഡ്ര നടത്തിയ ഈ പൊളിച്ചുനീക്കലുകളുമായി നിങ്ങള്‍ക്ക് താരതമ്യം ചെയ്യാം''. രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍. ഹൈഡ്രയെ കുറിച്ച് പഠിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ തന്നെ സമീപിക്കാറുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെന്ന പേരില്‍ തെലങ്കാനയില്‍ നടക്കുന്ന ബുള്‍ഡോസര്‍ രാജിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് അതിനെ ന്യായീകരിച്ചും ഇസ്രയേലിനോട് ഉപമിച്ചും ഹിറ്റ്ലറിനെ പരാമര്‍ശിച്ചുമുള്ള രേവന്ത് റെഡ്ഡിയുടെ വാക്കുകള്‍.
അതേസമയം തെരഞ്ഞെടുപ്പ് കാലത്തും പിണറായിയും രേവന്ത് റെഡ്ഡിയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ രേവന്ത് റെഡ്ഡി പിണറായിക്കെതിരെ 'നീ പോ മോനേ വിജയാ' എന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെ പിണറായി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ അയച്ച ആറ് പേജ് കത്തിലും രേവന്ത് റെഡ്ഡി 'നീ പോ മോനേ വിജയാ' എന്ന് ചേര്‍ത്തിരുന്നു. ഇതിന് മറുപടിയായി അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡാഷ് മോനേ രേവന്താ.... മറുപടി പിന്നാലെ വരുന്നുണ്ട് എന്നാണ് പറഞ്ഞത്. ഇതും വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തെലങ്കാനയിലെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഏറ്റവും പുതിയ പ്രസ്താവന അങ്ങേയറ്റം ഞെട്ടിക്കുന്നതും ജനാധിപത്യ സമൂഹത്തെ അപഹസിക്കുന്നതുമാണ്. തന്റെ ബുള്‍ഡോസര്‍ രാജ് നടപ്പാക്കാനായി സൃഷ്ടിച്ച 'ഹൈഡ്ര' (ഒഥഉഞഅഅ) എന്ന സംവിധാനത്തിന് ആ പേര് നല്‍കിയത് ലോകചരിത്രം കണ്ട ഏറ്റവും ക്രൂരനായ വംശീയവാദിയും ഏകാധിപതിയുമായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് അദ്ദേഹം പരസ്യമായി അഭിമാനപൂര്‍വ്വം പ്രസ്താവിച്ചിരിക്കുന്നു.
ഹിറ്റ്ലറുടെ പ്രിയപ്പെട്ട വാക്കായിരുന്നു ഹൈഡ്ര എന്നും അവരെപ്പോലെ ആരെയും കൊല ചെയ്യാന്‍ ശേഷിയുള്ള ഒരു സംവിധാനമാണ് തന്റെ പ്രചോദനം എന്നുമാണ് ഒരു ജനാധിപത്യ രാജ്യത്തെ മുഖ്യമന്ത്രി വേദിയില്‍ വിളിച്ചുപറഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റിനെ പരസ്യമായി ആരാധിക്കുന്ന ഒരു മുഖ്യമന്ത്രി കോണ്‍ഗ്രസ്സ് പാര്‍ടിക്ക് സ്വന്തമായുണ്ട് എന്നത് ലജ്ജാകരമാണ്.
ഹിറ്റ്‌ലറുടെ ഹൈഡ്ര ഒരു പോപ് കള്‍ച്ചര്‍ സൃഷ്ടി മാത്രമായിരുന്നെങ്കില്‍ ഇവിടെ ഒരു ജനാധിപത്യ സംവിധാനത്തിന് അകത്ത് അതിന് മൂര്‍ത്തരൂപം നല്‍കാന്‍ ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയിരിക്കുകയാണ്. ഇത് കേവലമൊരു നാക്കുപിഴയായി കാണാന്‍ കഴിയില്ല. അടിയന്തരാവസ്ഥയിലൂടെ ഇന്ത്യയുടെ ജനാധിപത്യ അവകാശങ്ങളെ കശാപ്പ് ചെയ്ത കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ രാഷ്ട്രീയ സ്വഭാവം തന്നെയാണ് രേവന്ത് റെഡ്ഡിയുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്.
ഹിറ്റ്ലറുടെ കൊലയാളി സംഘത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്ത് ജനാധിപത്യ മാതൃകയാണ്? രേവന്ത് റെഡ്ഡിയെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് അയാളുടെ പഴയ സംഘപരിവാര്‍ പശ്ചാത്തലം കൂടിയാണ്. കോണ്‍ഗ്രസ്സിനകത്തും ഇതേ നിലപാടുകളുമായി അയാള്‍ക്ക് മുന്നോട്ടുപോവാന്‍ കഴിയുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍, ഇത്തരം നിലപാടുകളെക്കൂടി ഉള്‍കൊള്ളുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്സ്. ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ഫാസിസ്റ്റ് നയങ്ങളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന് ഒരിക്കലും കഴിയില്ല എന്ന് ഇടതുപക്ഷം ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിന്റെ അടിസ്ഥാനം ഇത് തന്നെയാണ്. ജനാധിപത്യ വിശ്വാസികള്‍ ഈ അപകടം തിരിച്ചറിയുക തന്നെ വേണം.