പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി ഭാരവാഹി യോഗം. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തിനെക്കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്തു. ആലോചിച്ചു മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. നിയമവശങ്ങള്‍ വിശദമായി പരിശോധിച്ചശേഷം മാത്രം തീരുമാനം മതിയെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്. സങ്കീര്‍ണമായ വിഷയമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും അഭിപ്രായപ്പെട്ടു.
ഇഡിയുടെ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കത്തിലുള്ള നടപടിയോ, കേസ് രജിസ്റ്റര്‍ ചെയ്യുന്ന സാഹചര്യമോ വന്നാല്‍ ദേശീയതലത്തിലടക്കം അതിന് വിശദീകരണം നല്‍കുക പ്രയാസമായിരിക്കും. സങ്കീര്‍ണ വിഷയമെന്ന നിലയില്‍ വിശദമായ പരിശോധന ആവശ്യമാണ്. നിയമവശങ്ങള്‍ പരിശോധിച്ചശേഷം തീരുമാനം എടുക്കുന്നതാകും ഉചിതമെന്നും യോഗം അഭിപ്രായപ്പെട്ടു. ഇഡി ഡിജിപിക്ക് നല്‍കിയ കത്ത് നിയമ സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശവും തേടിയിട്ടുണ്ട്.
പിഎം ശ്രീ പദ്ധതിയും യോഗത്തില്‍ ചര്‍ച്ചയായി. പദ്ധതി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം. പദ്ധതിയുടെ ഭാഗമായി കരിക്കുലവും സ്കൂളുകളും തിരഞ്ഞെടുക്കുന്നതില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍ അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേസമയം, പദ്ധതി നടപ്പാക്കരുതെന്ന് അംഗങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. പിഎം ശ്രീയെക്കുറിച്ച് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ബോര്‍ഡ്, കോര്‍പ്പറേഷന്‍ വിഭജനം എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഈയാഴ്ച തന്നെ പാര്‍ട്ടി പ്രതിനിധികളുടെ പട്ടിക കൊടുക്കും. കെപിസിസി തലം മുതൽ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന വേണം, പ്രധാന തസ്തികകളിലെ നിയമനങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഓണക്കാലത്തെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ആറു മാസത്തിനുള്ളില്‍ കാണാനാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.