വിഎസിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്ന പിണറായി വിജയൻ Image: Facebook  News Malayalam 24X7
KERALA

'പ്രിയപ്പെട്ട സഖാവേ വിട; തലമുറകളുടെ വിപ്ലവ നായകന്, വരും തലമുറയുടെ ആവേശ നാളത്തിന് ലാല്‍സലാം': പിണറായി വിജയന്‍

സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനായ സംഘാടകനും നേതാവുമാണ് വിഎസ് അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തില്‍ മനസ്സിലുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ക്കാനായില്ലെന്ന കുറിപ്പോടെ ഫെയ്‌സ്ബുക്കിലാണ് പിണറായി വിജയന്റെ അനുശോചനം.

സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തില്‍ നിന്നായിരുന്നു. സഖാവ് വി എസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അര്‍ത്ഥത്തിലും നേതൃപദവിയില്‍ ആയിരുന്നു വിഎസ് എന്നും പിണറായി വിജയന്‍ തന്റെ കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടില്‍ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവര്‍ക്കും എന്തായിരുന്നു എന്ന് തെളിയിച്ചു. ജനകോടികളുടെ ഹൃദയത്തില്‍ നിന്ന് ഉയര്‍ന്ന ലാല്‍സലാം വിളികള്‍ സഖാവ് വിഎസിനെ യാത്രയാക്കി.

സിപിഐഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കം സഖാവ് വിഎസ് അടക്കമുള്ള 32 നേതാക്കളുടെ തീരുമാനത്തില്‍ നിന്നായിരുന്നു. ആ 32 പേരില്‍ അവസാനത്തെ കണ്ണിയാണ് ഇന്ന് എരിഞ്ഞടങ്ങിയത്. സഖാവ് വിഎസുമായി എത്രയേറെ ആഴത്തിലുള്ള ബന്ധമായിരുന്നു എന്നത് പറഞ്ഞറിയിക്കാനാവില്ല. എല്ലാ അര്‍ത്ഥത്തിലും നേതൃപദവിയില്‍ ആയിരുന്നു എന്നും വിഎസ്.

നമുക്കേവര്‍ക്കും ആരാധിക്കാനാവുന്ന നേതൃസ്ഥാനം. ത്യാഗപഥങ്ങള്‍ താണ്ടിയ ജീവിതം. തുല്യപ്പെടുത്താന്‍ മറ്റൊന്നുമില്ല. ആ മഹാ ജീവിതത്തിനാണ് തിരശ്ശീല വീണത്. പുന്നപ്ര വയലാറിന്റെ സമര പുളകിതമായ ചരിത്രം സ്പന്ദിക്കുന്ന മണ്ണില്‍ സഖാവ് കൃഷ്ണപിള്ളയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മഹാരഥന്മാരും അന്തിയുറങ്ങുന്ന മണല്‍ത്തിട്ടയില്‍ വലിയ ചുടുകാട്ടില്‍ വിഎസിന്റെ ശരീരം എരിഞ്ഞടങ്ങുമ്പോള്‍ വിപ്ലവ കേരളത്തിന്റെ ജാജ്വല്യമാനമായ ഒരു അധ്യായത്തിനാണ് അന്ത്യമാവുന്നത്.

സഖാവ് വിഎസ് മരിച്ചിട്ടില്ല. ജീവിക്കുന്നൂ ഞങ്ങളിലൂടെ എന്ന ജനകോടികളുടെ കണ്ഠങ്ങളില്‍ നിന്ന് ഉയരുന്ന മുദ്രാവാക്യമാണ് ശാശ്വതമാകുന്നത്. സഖാവ് വിഎസ് എന്ന കമ്മ്യൂണിസ്റ്റിന് മരണമില്ല. ഈ പാര്‍ട്ടിയുടെ സ്വത്താണ് വിഎസ്. ഈ പ്രസ്ഥാനത്തിന്റെ ഹൃദയമാണ് വിഎസ്.

സഖാവ് വിഎസ് തെളിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും പാതകളിലൂടെ ഇനിയും മുന്നോട്ടുപോകാന്‍ ഉണ്ട്. എല്ലാ സമയക്രമങ്ങളെയും മറികടന്ന് സഖാവിനെ ഒരു നോക്കു കാണാന്‍ തടിച്ചുകൂടിയ ജനാവലിയുടെ ഹൃദയാഭിലാഷങ്ങള്‍ സാര്‍ത്ഥകമാകാന്‍ ഇനിയും ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ആ പ്രയാണത്തില്‍ ഒരു വഴിവിളക്കായി ഊര്‍ജ്ജസ്രോതസായി വിഎസ് എന്ന പ്രകാശ സ്രോതസ്സ് നമുക്കു മുന്നിലുണ്ട്. വലിയ ചുടുകാട്ടിലെ അനുശോചന സമ്മേളനത്തില്‍ മനസ്സിലുള്ളത് മുഴുവന്‍ പറഞ്ഞു തീര്‍ക്കാനായില്ല.

പ്രിയപ്പെട്ട സഖാവേ വിട

തലമുറകളുടെ വിപ്ലവ നായകനേ

വരും തലമുറയുടെ ആവേശ നാളമേ

ലാല്‍സലാം

SCROLL FOR NEXT