തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെതിരായ വിവാദം ഒത്തുതീർപ്പ് ആയതോടെ രാജി ആവശ്യപ്പെടേണ്ട എന്ന നിലപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഗണേഷ് കുമാറിൻ്റെ വിഷയം കുടുംബ പ്രശ്നമെന്ന വിലയിരുത്തലിലാണ് തീരുമാനം. പരാതി വന്നാൽ പരിശോധിക്കാനാണ് തീരുമാനം. ആരോപണങ്ങളെ തുടർന്ന് വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് ഗണേഷ് കുമാർ മാപ്പ് പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് രാജി ആവശ്യപ്പെടേണ്ട എന്ന നിലപാടിലെത്തിയത്.
അതേസമയം, മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ട്. കെ.ബി. ഗണേഷ് കുമാറിൻ്റെ പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്കടക്കം കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. മന്ത്രിക്കെതിരെ ഗൗരവതരമായ ആരോപണങ്ങൾ ആണ് ഉയർന്നതെന്നും ഇത് വ്യക്തിപരമായ കാര്യമായി കുറച്ച് കാണാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഗാർഹിക പീഡനം ഉൾപ്പടെയുള്ള വശങ്ങൾ ഉണ്ട്. മുഖ്യമന്ത്രി ഒരു നടപടിയും സ്വീകരിച്ചില്ല. ധാർമികവും നിയമപരവുമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ഗണേഷ് കുമാർ രാജി വയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നതായും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപങ്ങളാണ് ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ചത്. ഗണേഷ് കുമാറിനെതിരെ ഫോട്ടോ അടക്കമുള്ള ശക്തമായ തെളിവുകൾ ഉണ്ടെന്നും, പരാതികളായി ഇനി മുന്നോട്ടു പോകുന്നില്ലെന്നും ബിന്ദു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ടെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.