തിരുവനന്തപുരം: സ്ത്രീകൾക്ക് രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി ആവിഷ്‌കരിച്ച 'നിര്‍ഭയ നിശ' പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരള പൊലീസാണ് പ്രസ്തുത പരിപാടി ആവിഷ്‌കരിച്ചത്. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ 14 ജില്ലകളിലും പദ്ധതി നടപ്പിലാക്കും.
സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ഭയരഹിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് നിര്‍ഭയ നിശ എന്ന പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എസ്ഒഎസ് ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തര സഹായം ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സ്ത്രീകൾക്ക് കൂടുതൽ കരുതൽ ആവശ്യമായതിനാലാണ് നിർഭയ നിശ പദ്ധതി കൊണ്ടുവരുന്നത്. ഏതൊരു സ്ത്രീക്കും ഏത് ഭാഗത്ത് കൂടിയും ഒട്ടും ആശങ്കയില്ലാതെ സഞ്ചരിക്കാൻ സാധിക്കണം. ഓഫീസ് ആവശ്യങ്ങൾക്ക് ഉൾപ്പെടെ സ്ത്രീകൾക്ക് രാത്രിയിൽ സഞ്ചരിക്കേണ്ടതായി വരും. ആ സമയങ്ങളിൽ കൂടെ പൊലീസുണ്ട് എന്ന തോന്നൽ സ്ത്രീകളിൽ ഉണ്ടാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനവേളയിൽ പറഞ്ഞു.
നിര്‍ഭയ നിശ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ അധികമായി യാത്ര ചെയ്യുന്ന ഇടങ്ങളിൽ എ.ഐ. ക്യാമറകൾ, അലാറം, പാനിക് ബട്ടന്‍ കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഫേഷ്യല്‍ റിക്കവേഷന്‍ സംവിധാനത്തോടു കൂടിയതുമായ നിര്‍ഭയ നിശ സേഫ്റ്റി പോളുകള്‍ സ്ഥാപിക്കുന്നതും ലക്ഷ്യമിടുന്നുണ്ട്. നിര്‍ഭയ പോളുകള്‍ സ്ഥാപിക്കുന്നതു വഴി പ്രതിസന്ധി ഘട്ടങ്ങളില്‍ പൊലീസ് സേവനം എത്രയും വേഗം എത്തിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ സുരക്ഷയിൽ സംസ്ഥാന സർക്കാരിൻ്റെ സുപ്രധാന ചുവടുവയ്പ്പായാണ് പദ്ധതിയെ വിലയിരുത്തുന്നത്.