പിണറായിയിലെ തന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിഷയം ഏറ്റുപിടിച്ച് ചില മാധ്യമങ്ങളും ചില വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. തന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ളത്. ഗതാഗതയോഗ്യമല്ലാത്ത വാഹനം അവിടെനിന്ന് മാറ്റാത്തതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണ്. വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പിണറായിയിലെ എന്റെ വീടിനു മുന്നില്‍ ഗതാഗതയോഗ്യമല്ലാത്ത ഒരു ജീപ്പ് പോലീസ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്നതായി ചില മാധ്യമങ്ങളും അത് ഏറ്റുപിടിച്ച് ചില വ്യക്തികളും രംഗത്തുവന്നിട്ടുണ്ട്. എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന പൊതു ലക്ഷ്യമാണ് ഈ രണ്ട് വിഭാഗങ്ങള്‍ക്കും ഉള്ളത്.
എന്താണ് വസ്തുത?
പിണറായിയിലെ എന്റെ വീടിനു മുന്നില്‍ പോലീസ് ഔട്ട്പോസ്റ്റ് ഇടുന്നത് പോലീസിന്റെ ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാലാണല്ലോ സെക്യൂരിറ്റി ഏര്‍പ്പെടുത്താന്‍ വകുപ്പുതല നടപടികള്‍ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങള്‍ക്കു മുന്നില്‍ ഇപ്പോഴും സദാ കാവല്‍ നില്‍ക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.
എന്റെ വീടിന്റെ മുന്നില്‍ പോലീസ് സ്റ്റേഷന്‍ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയില്‍ ഒരു പോലീസ് വാഹനത്തില്‍ പോലീസുകാര്‍ വന്നുപോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗതയോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പോലീസ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റുകയുണ്ടായില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പോലീസാണ്. എന്റെ വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല.
എന്നാല്‍, ഈ വാര്‍ത്ത നല്‍കിയ ഇന്നത്തെ (03.09.2026) മലയാള മനോരമയില്‍ പ്രാധാന്യത്തോടെ തലക്കെട്ടായി ചേര്‍ത്തത് "പിണറായിയുടെ വീടിനു മുന്നിലെ ജീപ്പ് സ്റ്റേഷന്‍" എന്നാണ്. അതിനോടൊപ്പം ഈ നിര്‍മ്മിത വാര്‍ത്തയ്ക്ക് സാധൂകരണം നല്‍കാനായി ഡോ. ആസാദിന്റെ പ്രതികരണവും ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.