തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാർ കൂട്ട കൊലപാതകത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഹീന സംഭവത്തിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നു ശിക്ഷ നൽകുമെന്നും ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബം പോറ്റാൻ കേരളത്തിലെത്തിയ റാം നാരായണൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകും. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷങ്ങളുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾ അനുവദിക്കാൻ സാധിക്കില്ല. ലോകത്തിന് ആകെ വെളിച്ചം പകരുന്ന ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നക്രമിക്കുന്ന സ്ഥിതി ഉണ്ടാകുന്നു. തപാൽ ഓഫീസിലെ പരിപാടിയി ഗണഗീതം പാടണമെന്ന് നിർദേശം നൽകി. പ്രതിഷേധത്തെ തുടർന്ന് ആഘോഷം റദ്ദാക്കുകയാണ് ചെയ്തത്.
പാലക്കാട് കുട്ടികളുടെ കരോൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. പിന്നാലെ ബിജെപിയുടെ മുതിർന്ന നേതാക്കൾ കുട്ടികളെ അപമാനിച്ചു. ഇത്തരം സംഘങ്ങൾ തലപൊക്കുന്നത് നല്ലതല്ല. കേരളത്തിൽ ഇത്തരം സംഘങ്ങൾ കടന്നുകയറുന്നത് ഗൗരവത്തോടെ കാണും. ഇത്തരം സംഭവങ്ങൾക്ക് എതിരെ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ വർഷം കേക്ക് നൽകാൻ പോയവരാണ് ഇത്തവണ അക്രമത്തിന് ഇറങ്ങിയതെന്നും മുഖ്യമന്ത്രി ബിജെപി നേതൃത്വത്തെ പരിഹസിച്ചു.
കേരളത്തിൻ്റെ മതേതര മനസ് ഇല്ലാതാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നു. ഒരു സർക്കാർ എങ്ങനെ ആകാൻ പാടില്ല എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കേന്ദ്ര സർക്കാരിൻ്റെ ഓരോ നീക്കവും. ജിഎസ്ടി സമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം ഗണ്യമായി കുറഞ്ഞു. അന്താരാഷ്ട്ര വ്യാപാരംഗത്ത് ഉണ്ടായ തിരിച്ചടികൾ പ്രത്യേകിച്ച് ഇറക്കുമതി നിയന്ത്രണങ്ങൾ നമ്മുടെ സാമ്പത്തിക നഷ്ടം കൂട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തുക വെട്ടിക്കുറയ്ക്കുന്നതിലൂടെ കേരളം നേരിടുന്നത് ഒരു കൃത്യമായ സാമ്പത്തിക ഉപരോധമാണ്. കോടിക്കണക്കിന് രൂപയുടെ വിഭവ നഷ്ടമാണ് സമീപകാലത്ത് കേരളത്തിൽ കേന്ദ്രനയം മൂലം ഉണ്ടായിരിക്കുന്നത്. ജനങ്ങളോട് അഭ്യർഥിക്കാനുള്ളത് ഒരു കാര്യം മാത്രമാണെന്നും, നമ്മുടെ നാടിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി.
"ഏത് പ്രതിസന്ധിയിലും സർക്കാർ ജനങ്ങൾക്കൊപ്പം ഉണ്ടാകും. കേരളത്തിൻ്റെ സാമ്പത്തിക ഉപരോധത്തെ ജനകീയ പ്രതിരോധത്തിലൂടെ നമ്മൾ മറികടക്കും. പ്രളയങ്ങളെയും മഹാമാരികളെയും അതിജീവിച്ച കേരളത്തിൻ്റെ ഇച്ഛാശക്തി ഈ സാമ്പത്തിക ഉപരോധം നേരിടാനും പ്രാപ്തമാണ്. വികസിത രാജ്യങ്ങൾക്ക് സമാനമായ ജീവിതമുള്ള ഒരു നവകേരളം നിർമ്മിക്കാനുള്ള നമ്മുടെ യാത്രയിൽ എല്ലാ മലയാളികളുടെയും പിന്തുണയും സഹകരണവും അഭ്യർഥിക്കുന്നു"; മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബി വായ്പയുടെ പേരിൽ നമ്മളെ വരിഞ്ഞുമുറുക്കുന്നു. 2025 - 26 വർഷത്തിൽ 14358 കോടി രൂപയാണ് നമ്മുടെ വായ്പിൽ നിന്നും കേന്ദ്രം ഇത്തരത്തിൽ വെട്ടി കുറച്ചത്. റിസർവ് ബാങ്ക് അഞ്ചുവർഷത്തെ കാലാവധി നൽകിയ ഒരു കാര്യത്തിന് ഇത്തരമൊരു വെട്ടിക്കുറക്കൽ നടത്തിയത് കേരളത്തിൻ്റെ വികസന മാതൃകയെ തകർക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി മാത്രമാണ്. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന പദത്തിലേക്ക് വായ്പ എടുക്കുന്നതിനായി 12516 കോടി രൂപക്കാണ് അപേക്ഷ നൽകിയത്. 5636 കോടി രൂപക്ക് മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. ഇത് സ്ഥിതി എത്രത്തോളം ഗുരുതരമാണ് എന്ന് വെളിപ്പെടുത്തുന്നത്. മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് മിഷനിലൂടെ 5 ലക്ഷംവീട് എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സമയബന്ധിതമായ നീക്കമാണ് നടക്കുന്നത്. ക്ഷേമപെൻഷൻ 2000 രൂപയാക്കി ഉയർത്തിയത് 60 ലക്ഷം പേർക്കാണ് ആശ്വാസകരമാകുന്നത്. യുഡിഎഫ് കാലത്ത് വെറും 34 ലക്ഷം ആയിരുന്ന ഗുണഭോക്താക്കളുടെ എണ്ണം ഇന്ന് 60 ലക്ഷമായി ഉയർന്നു. 600 രൂപയാണ് യുഡിഎഫ് കാലത്തെ പെൻഷൻ എന്നത് ഓർമിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം നിയമ പ്രാബല്യമുള്ള ഫോട്ടോ പതിച്ച രേഖ കേരളത്തിൽ ലഭ്യാക്കും. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാൽ നൽകിവരുന്നു അതിനു പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകും. എക്കാലത്തും ഇത് ഉപയോഗിക്കാനാവും. പൗരത്വം തെളിയിക്കുന്നതിന് നാട്ടിൽ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് ഈ കാർഡ് ലഭ്യമാക്കാൻ തീരുമാനിച്ചത്. എസ്ഐആറിന് ഉപയോഗിക്കാൻ ഉള്ളത് അല്ല ഈ കാർഡ്. മറിച്ച് കേരളത്തിൽ ജനിച്ചു ജീവിക്കുന്നു എന്ന് തെളിയിക്കുന്ന കാർഡ് ആണിത്. തഹസീൽദാർ ആണ് ഈ കാർഡ് അനുവദിക്കുക എന്നും മുഖ്യമന്ത്രി അറിയിച്ചു.