കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകളുള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. ആകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
കുറിപ്പിന്റെ പൂര്‍ണരൂപം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്. കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25ഓ അതില്‍ താഴെയോ ആയിരുന്നു ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി ണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ എണ്ണം കൂടുതലാണെന്ന മാധ്യമ വാര്‍ത്തകളോടായിരുന്നു മുഖ്യമന്ത്രി സതീശന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. ഇതുവരെ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെയാണ്. 31 പേരാണ് എന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്. നിയമമനുസരിച്ച് ഇനിയും ആളെ നിയമിക്കാം. മന്ത്രിമാര്‍ പരമാവധി 25 പേരെ നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഒരു മന്ത്രി പോലും 25ല്‍ കൂടുതല്‍ നിയമിച്ചിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ ചിലരുടേത് 27ഉം 28ഉം 29ഉം ഒക്കെയായിരുന്നു എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.