കൊച്ചി: മെറിഡിയൻ ടെക് പാർക്ക് പദ്ധതിക്കുള്ള താൽപ്പര്യപത്രം യുഎഇയിലെ പ്രമുഖ നിക്ഷേപകരായ അൽ മർസൂഖി ഹോൾഡിങ്‌സ് FZC കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ സാങ്കേതിക മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ലാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
'കേരളത്തിൻ്റെ വെർട്ടിക്കൽ ഇന്നവേഷൻ നെക്സസ്' എന്ന് ബ്രാൻ്റ് ചെയ്ത ഈ പദ്ധതിയുടെ ഭാഗമായി 850 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരാനും 10,000ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കും. മെറിഡിയൻ ടെക് പാർക്കിൻ്റെ ഇരട്ട ടവർ ക്യാമ്പസ് ടെക്നോപാർക്ക് ഫേസ് ത്രീയിലാണ് ഉയരാൻ പോകുന്നത്. കേരളത്തിൻ്റെ ഐടി മേഖലയിൽ കുതിച്ചു ചാട്ടം സൃഷ്ടിക്കാനുതകുന്ന ഈ പദ്ധതി നമ്മുടെ തൊഴിൽമേഖലയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെറിഡിയൻ ടെക് പാർക്ക് കേവലം ഒരു കെട്ടിട സമുച്ചയമല്ല, അത്യാധുനികമായ ഇന്നൊവേഷൻ ഇക്കോസിസ്റ്റമാണ്. ലോകോത്തര നിലവാരം ഉറപ്പുവരുത്തുന്ന ലീഡ് പ്ലാറ്റിനം സർട്ടിഫിക്കേഷൻ ലക്ഷ്യമിട്ടുള്ള പരിസ്ഥിതി സൗഹൃദ നിർമിതിയാണ് ഇതിൻ്റെ പ്രധാന സവിശേഷത. എഐ ലബോറട്ടറി വഴി ചെറുകിട കമ്പനികൾക്ക് പോലും നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ഈ ക്യാംപസ് ഒരുങ്ങുക. നമ്മുടെ നാട് ആഗോള സാങ്കേതിക വിപ്ലവത്തിൻ്റെ മുൻനിരയിലേക്ക് കുതിക്കുകയാണ്. ആ കുതിപ്പിനു കൂടുതൽ വേഗം പകരുന്ന പദ്ധതിയായിരിക്കും മെറിഡിയൻ ടെക് പാർക്ക് എന്നും മുഖ്യമന്ത്രി അറിയിച്ചു.