തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി നടപടികളിൽ വന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി നടപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. അടിസ്ഥാന രഹിതമായ വ്യാജ പ്രചരണമാണ് അടൂർ പ്രകാശ് നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ഉണ്ടാക്കിയ കഥയാണ് എന്നായിരുന്നു അടൂർ പ്രകാശിൻ്റെ ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള വാർത്താ കുറിപ്പ്
തന്നെ ചോദ്യം ചെയ്യാൻ ശബരിമല കേസ് അന്വേഷിക്കുന്ന എസ്ഐടി വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ബഹു. ഹൈക്കോടതിയാണ്.
ബഹു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന എസ് ഐ ടി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതും ബഹു. ഹൈക്കോടതി മുമ്പാകെ തന്നെയാണ്. അതിൻ്റെ വിവരങ്ങൾ പുറത്തേക്ക് പോകരുതെന്നും കർക്കശമായ കോടതി നിർദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ല. തീർത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് ബഹു. എംപിയുടേത്.