പിണറായി വിജയന്‍ 
KERALA

"രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും"; ഇഡിക്കെതിരെ പിണറായി വിജയന്‍

കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

ഇഡി നടത്തുന്നത് രാഷ്ട്രീയ നീക്കങ്ങളെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയമായ നീക്കങ്ങള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തു. എന്നാൽ ഇഡി അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കിയെന്നും പിണറായി കുറ്റപ്പെടുത്തി. ചങ്ങനാശേരി ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷികാഘോഷ വേദിയിലായിരുന്നു പിണറായിയുടെ വാക്കുകള്‍.

കരുവന്നൂര്‍ ബാങ്കില്‍ ചിലര്‍ തെറ്റായ നടപടികൾ സ്വീകരിച്ചപ്പോൾ അതിനെതിരെ ശക്തമായ നടപടിയാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പക്ഷേ നമ്മുടെ രാജ്യത്തെ ഇഡി എന്ന അന്വേഷണ ഏജൻസി അതിലിടപെട്ട് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കി. രാജ്യത്ത് ആദ്യമായിട്ടാണിത്. അഴിമതി നടത്തിയവരെ കണ്ടെത്തുകയും അവർക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ഇഡി വരുന്നത്. അഴിമതി നടത്തിയ ചിലരെ സ്വാധീനിച്ച് ഇഡി മാപ്പു സാക്ഷിയാക്കി. ഇഡി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഇവർ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പ് സാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി. അതു വലിയ തെളിവാണെന്ന് പറഞ്ഞു സിപിഐഎമ്മിനെ പ്രതിയാക്കി. ഇതിന്റെ ഫലമായി സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിമാരായി വന്നവരെ എല്ലാം പ്രതിയാക്കി. കേരളത്തിലെ സഹകരണ മേഖലയാകെ അഴിമതിയുടെ കേന്ദ്രമാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഏജൻസികൾ നടത്തുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും പിണറായി വ്യക്തമാക്കി.

അതേസമയം, സിഎംആര്‍എല്‍ എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ നിയമപരമായ പരിശോധനകള്‍ക്കുശേഷം തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിച്ചത്. ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ല. നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും. ഇഡിയുടെ കത്തിലുള്ളത് ഗൗരവമായ കാര്യങ്ങളാണ്. ഇഡി തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

SCROLL FOR NEXT