KERALA

ശബരിമല ഐതിഹ്യത്തില്‍ വാവരും പ്രധാനം, അയ്യപ്പന്റെ കഥയില്‍ ഒരു മുസ്ലീം എങ്ങനെ വരുമെന്നാണ് സംഘപരിവാര്‍ ചിന്ത: മുഖ്യമന്ത്രി

"ഓണത്തിന് മഹാബലിയെ നമുക്ക് നഷ്ടമാകും. ആര്‍എസ്എസിന് അതിനോട് യോജിപ്പില്ല. വാമനനെയാണ് അവര്‍ക്ക് താല്‍പ്പര്യം"

Author : ന്യൂസ് ഡെസ്ക്

കണ്ണൂര്‍: മലയാളികള്‍ ബിജെപിക്ക് നല്‍കുന്ന വോട്ട് കേരളത്തിന്റെ തനിമയെ തകര്‍ക്കാനാണ് ഉപകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂഹത്തിന് നമ്മുടേതായ പ്രത്യേകതകളുണ്ട്. ആര്‍എസ്എസിന്റെ തത്വശാസ്ത്ര മേധാവിത്വം വഹിച്ചാല്‍ നമ്മുടെ സമൂഹത്തിന് ഇങ്ങനെ നില്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ ഒരുങ്ങി. ശബരിമലയുടെ ഐതിഹ്യത്തില്‍ വാവര്‍ക്ക് വലിയ സ്വാധീനമുണ്ട്. ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്നാണ് സംഘപരിവാര്‍ ചിന്തിക്കുന്നത്. ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഓണത്തിന് മഹാബലിയെ നമുക്ക് നഷ്ടമാകും. ആര്‍എസ്എസിന് അതിനോട് യോജിപ്പില്ല. വാമനനെയാണ് അവര്‍ക്ക് താല്‍പ്പര്യം. ഓണത്തിന്റെ മഹാബലിയെ അടക്കം നമുക്ക് നഷ്ടമാകും. ഓണത്തിന് മഹാബലിയെ നഷ്ടപ്പെടുന്ന അവസ്ഥയാണ് ആര്‍എസ്എസിന് മേധാവിത്വം ലഭിച്ചാല്‍ നമുക്ക് ഉണ്ടാവുക. ശബരിമല വലിയ വിവാദമാക്കാന്‍ സംഘപരിവാര്‍ വന്നല്ലോ. അതുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ അയ്യപ്പനോടൊപ്പം വാവരും ഉണ്ട്. വാവര്‍ക്കും പ്രധാന സ്ഥാനമുണ്ട്. ഇതൊന്നും സംഘപരിവാറിന് ചിന്തിക്കാനാവുന്നില്ല,' മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനും വോട്ട് നേടുമെന്നാണ് അമിത് ഷാ പറയുന്നത്. അമിത് ഷായുടെ പ്രസ്താവന കേരളം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

SCROLL FOR NEXT