KERALA

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ തിരിച്ചടിയായില്ല: മുഖ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കൊള്ളയിൽ കൃത്യമായ അന്വേഷണമാണ് നടക്കുന്നത്. അത്‌ ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണ്. പന്തളം, കൊടുങ്ങല്ലൂർ നിയമസഭാ ഭരണം എൽഡിഎഫാണ് പിടിച്ചത്. ശബരിമല വിഷയം തിരിച്ചടിച്ചെങ്കിൽ അവിടെ ജയിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയിൽ പരിശോധിച്ച് തിരുത്തേണ്ടത് തിരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവന്തപുരത്ത് വോട്ടുകളിൽ എൽഡിഎഫാണ് മുന്നിലുള്ളത്. ബിജെപി ജയിച്ച 26 വാർഡുകളിൽ കോൺഗ്രസ് വോട്ടുകൾ ആയിരത്തിൽ താഴെയായിരുന്നു. കോൺഗ്രസും ബിജെപിയും പരസ്പര സഹകരണ മുന്നണിയായി മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ രാഷ്ട്രീയത്തെ നേരിടുന്നത് എൽഡിഎഫാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, വെള്ളാപ്പള്ളി തൻ്റെ വാഹനത്തിൽ കയറിയതിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു. വെള്ളാപ്പള്ളി ഒരു സമുദായ നേതാവ് ആണ്. ന്യൂനപക്ഷ വിരുദ്ധൻ അല്ലെന്ന് വെള്ളാപ്പള്ളി തന്നെ പറയുന്നുണ്ട്. അദ്ദേഹം എന്താ തൊട്ടുകൂടാൻ പറ്റാത്ത ആളാണോ, അദ്ദേഹം കാറിൽ കയറിയതിൽ ഒരു തെറ്റുമില്ല. അത് മഹാ അപരാധമായിട്ട് ചിത്രീകരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിധി വന്നപ്പോൾ സർക്കാരിനെതിരെ നെഗറ്റീവ് ആയിട്ടുള്ള യാതൊരു പരാമർശവും നടന്നിട്ടില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്നത് ഒരു തട്ടിപ്പാണ്. ശബരിമല സ്വർണ തട്ടിപ്പിൽ പിടിയിലായവരിൽ പലരും കോൺഗ്രസ് ബന്ധമുള്ളവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റുവെന്ന് കണ്ടെത്തിയ ഗോവർധൻ, സോണിയ ഗാന്ധിക്ക് ഒപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഗോവർധൻ നൽകിയ ഉപഹാരം സോണിയ സ്വീകരിക്കുന്നതും ചിത്രത്തിൽ നിന്നും വ്യക്തമാണ്. സോണിയയുടെ കയ്യിൽ എന്തോ പോറ്റി കെട്ടികൊടുക്കുന്നുണ്ട്. ആൻ്റോ ആൻ്റണി, അടൂർ പ്രകാശ് എംപി എന്നിവർ ഒപ്പമുണ്ട്. സോണിയ ഗാന്ധിയെ കാണാൻ പോറ്റിയും ഗോവർധനും പോയത് എന്ത് ബന്ധത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും, പോറ്റിയുമായി എങ്ങനെയാണ് അടൂർ പ്രകാശിനും ആൻ്റോ ആൻ്റണിക്കും ഇത്ര അടുത്ത ബന്ധം ഉണ്ടായതെന്നും മുഖ്യമന്ത്രി ചോദിച്ചു.

SCROLL FOR NEXT