KERALA

"ശരണ്യയെ കണ്ടെത്താൻ ഇടപെടണം"; സിദ്ധരാമയ്യക്ക് കത്തയച്ച് പിണറായി വിജയൻ

ട്രക്കിങ്ങിനിടെ കാണാതായ യുവതിക്കായി നാലാം ദിവസവും തിരച്ചിൽ തുടരുന്നു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്താൻ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പിണറായി വിജയൻ കത്തയച്ചു. ശരണ്യയെ കാണാതായി നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്.

ശരണ്യയെ കാണാതായ ബെട്ട വന മേഖലയിൽ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തി വരുന്നത്. നക്സൽവിരുദ്ധ സേനയും സംഘത്തിനൊപ്പം ഉണ്ട്. ചെങ്കുത്തായ പ്രദേശമായതും വന്യ ജീവികൾ ഇറങ്ങുന്ന സ്ഥലമായതും തെരച്ചിലിന് വെല്ലുവിളിയാണ്. എറണാകുളത്ത് സോഫ്റ്റ് വെയർ എൻജിനീയറായ ശരണ്യയെ രണ്ടാം തീയതി മുതലാണ് കാണാതായത്.

ട്രക്കിങ്ങിനിടെ വഴി തെറ്റിയെന്നറിയിച്ച് ശരണ്യയുടെ സന്ദേശം കാണാതായ ദിവസം ഉച്ചയ്ക്ക് ലഭിച്ചതായി ഹോം സ്റ്റേ അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു. ശരണ്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. വിവരം ലഭിച്ച ഉടനെ കർണാടക വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ട്രക്കിങ്ങ് റൂട്ടിൽ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായിട്ടില്ല.

SCROLL FOR NEXT