എറണാകുളം: സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയന്റെ മകൾ വീണ ടി. വീണ്ടും ഇ.ഡിക്ക് മുന്നിൽ. ഇ.ഡിയുടെ കൊച്ചി ഓഫീസിൽ വീണ ചോദ്യം ചെയ്യലിന് എത്തി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസിന് ഒപ്പമാണ് വീണയെത്തിയത്. എസ്എഫ്ഐഒ രേഖകൾ ലഭിച്ചതിന് പിന്നാലെയാണ് എൻഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ രണ്ടാം ചോദ്യം ചെയ്യൽ. ജൂൺ 29നാണ് നേരത്തെ ഇ.ഡി വീണയോട് ഹാജരാകാൻ നിർദേശിച്ചിരുന്നത്.
എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 രേഖകളാണ് കഴിഞ്ഞ ദിവസം ഇഡിക്ക് ലഭിച്ചത്. നേരത്തെ കോടതി ഉത്തരവായിരുന്നെങ്കിലും എസ്എഫ്ഐഒയിൽ നിന്നും അത് ലഭിക്കാൻ താമസം നേരിട്ടിരുന്നു. ഈ രേഖകൾ കൂടി മുൻനിർത്തിയായിരിക്കും ഇന്നുള്ള വീണയുടെ ചോദ്യം ചെയ്യല്‍.
മുൻപ് രണ്ട് തവണ വീണയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം തിരുവനന്തപുരത്തെ വസതിയിൽ വച്ചും രണ്ടാമതായി കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വച്ചുമായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. വീണ ടിയുടെ ബാങ്ക് ലോക്കറും ഇ.ഡി പരിശോധിച്ചിരുന്നു. തിരുവനന്തപുരം എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കർ ആണ് പരിശോധിച്ചത്.
തൊട്ടുമുന്നിൽ നടന്ന ചോദ്യ ചെയ്യലിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് ഇ.ഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നീട്ടിയത്. വീണയുടെ ചോദ്യം ചെയ്യലിന് തുടർച്ചയായി സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്റ്റിൽ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്ത കുടുംബത്തെയും ചോദ്യം ചെയ്തിരുന്നു.
വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി വാങ്ങിയെന്നാണ് ഇ.ഡി കേസ്.