പിണറായി വിജയൻ, റവാഡ ചന്ദ്രശേഖർ Source: News Malayalam 24x7
KERALA

"സസ്​പെൻഡ് ചെയ്യണം, കൊലക്കുറ്റത്തിന് കേസെടുക്കണം"; റവാഡയെ വിമർശിച്ച് പിണറായി വിജയൻ: നിയമസഭയിലെ പഴയ പ്രസംഗം പുറത്ത്

കൂത്തുപറമ്പ് വെടിവെപ്പിനു ശേഷം 1995 ജനുവരി 30ന് നടന്ന നിയമ സഭയിലെ അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു പിണറായി വിജയൻ്റെ പരാമർശം

Author : ന്യൂസ് ഡെസ്ക്

ഡിജിപി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്. കൂത്തുപറമ്പ് വെടിവെപ്പിന് കാരണക്കാരനാണ് റവാഡയെന്നാണ് പിണറായിയുടെ പഴയ പ്രസംഗത്തിൽ പറയുന്നത്. റവാഡയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും പ്രസംഗത്തിൽ പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൂത്തുപറമ്പ് വെടിവെപ്പിനു ശേഷം 1995 ജനുവരി 30ന് നടന്ന നിയമ സഭയിലെ അടിയന്തര പ്രമേയ ചർച്ചയിലായിരുന്നു പിണറായി വിജയൻ്റെ പരാമർശം.

''സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയരാജൻ വെടിവയ്ക്കാനുള്ള ഒരുക്കം കണ്ടപ്പോൾ വെടിവെക്കരുതെന്നും, കരിങ്കൊടി കാണിച്ചിട്ട ഞങ്ങൾ തിരിച്ചു പോകും എന്ന് എഎസ്പിയോട് പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ഇതൊരു പരിശീലനമാണ് എന്നാണ് എഎസ്പി റവാഡ ചന്ദ്രശേഖരൻ പറഞ്ഞത്. ചെറുപ്പക്കാരുടെ ദേഹത്ത് വെടിവയ്ക്കുന്നത് പരിശീലനമായി കാണുന്ന മനോഭാവമുള്ള ഒരു എഎസ്പി അവിടെ പൊലീസിന് നേതൃത്വം കൊടുക്കാനുണ്ടായി. സമരക്കാരെ എറിഞ്ഞും അടിച്ചൊതുക്കിയും മുന്നോട്ട് പോവുകയായിരുന്നു പൊലീസ് സംഘം. റവാഡയെ സസ്​പെൻഡ് ചെയ്യണം. കൊലക്കുറ്റത്തിന് കേസെടുക്കണം'', പിണറായി വിജയൻ അന്ന് നിയമസഭയിൽ പറഞ്ഞത്.

സംസ്ഥാന ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചത് മുതൽ വിവാദങ്ങളുടെ കുത്തൊഴുക്കായിരുന്നു. കൂത്തുപറമ്പു കേസില്‍ അന്നത്തെ തലശ്ശേരി എഎസ്പി എന്ന നിലയിലാണ് റാവാഡ ചന്ദ്രശേഖര്‍ പ്രതിപ്പട്ടികയില്‍ വന്നത്. റവാഡ ചന്ദ്രശേഖറിനെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചതിൽ പി. ജയരാജൻ ഉൾപ്പടെയുള്ള നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ വിവാദമായതോടെ സംസാരിച്ചത് റവഡ ചന്ദ്രശേഖറിന്റെ നിയമനത്തെ അംഗീകരിച്ച് തന്നെയാണെന്നും. മന്ത്രിസഭ യോഗത്തിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും പി. ജയരാജൻ വിശദീകരിച്ചിരുന്നു. സർക്കാർ തീരുമാനത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ ദുർവ്യാഖ്യാനം ചെയ്തുവെന്നുമായിരുന്നു പി. ജയരാജൻ്റെ പ്രതികരണം.

SCROLL FOR NEXT