മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തിൽ പ്രതികരിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നമ്മുടെ കാലഘട്ടത്തിലെ ശക്തനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വിഎസ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. താഴെ തട്ടിൽ നിന്ന് പ്രവർത്തനം തുടങ്ങി പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിലെത്തിയ ആളായിരുന്നു അദ്ദേഹം. എന്നും തൻ്റെ ആദർശങ്ങളെ മുറുകെ പിടിച്ചിരുന്നു. സാധാരണക്കാരുമായി വളരെയധികം ചേർന്നുനിന്ന പ്രവർത്തനങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. രാഷ്ട്രീയപരമായി എതിർപ്പുകളുണ്ടായിരുന്നപ്പോഴും, കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ അദരണീയനായ വ്യക്തിയായിരുന്നു വിഎസ്. അദ്ദേഹത്തിൻ്റെ വിയോഗം കേരളരാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
രാഷ്ട്രീയമായി എന്ത് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും വ്യക്തിബന്ധങ്ങളും സൗഹ്യദങ്ങളും കാത്തുസൂക്ഷിക്കുന്ന നേതാവായിരുന്നു വിഎസ് എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാഷട്രീയമായ എതിർപ്പുകളിൽ വിട്ടുവീഴ്ചകളില്ലാതെ പോരാടിയ നേതാവാണ്. പ്രസംഗത്തിലും പ്രവർത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്ന കാര്യത്തിലും സ്വത:സിദ്ധമായ ശൈലിയുള്ള ആളായിരുന്നു വിഎസ്. അനുയായികൾക്ക് അദ്ദേഹത്തോട് വലിയ ആരാധനയായിരുന്നു. വ്യത്യസ്തനായ നേതാവായിരുന്നു. തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു. സംസ്ഥാനത്തിന് വലിയ നഷ്ടം. അവസാനിക്കുന്നത് വലിയ ചരിത്രമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
വി.എസ്. അച്യുതാനന്ദൻ്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം വിലാപയാത്രയായി മൃതദേഹം ആലപ്പുഴയില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ നിന്ന് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. അവിടെ പൊതുദർശനം ഉണ്ടാകും. തുടര്‍ന്ന് രാത്രിയോടെ അവിടെ നിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും.
ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടില്‍ നിന്ന് ദര്‍ബാര്‍ ഹാളിലേക്ക് പൊതുദർശനത്തിനായി മൃതദേഹം കൊണ്ടുപോകും. എല്ലാവര്‍ക്കും പൊതുദര്‍ശനത്തിന് അവസരമൊരുക്കും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ച് പൊതുദര്‍ശനത്തിന് അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍ സംസ്‌കരിക്കുമെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു.