എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിന്റെ അവശിഷ്ടങ്ങൾ. വൈക്കം കാട്ടിക്കുന്ന് സ്വദേശി ഷബീനയ്ക്കാണ് ദുരവസ്ഥ ഉണ്ടായത്. കടുത്ത വേദനയും ശാരീരിക അവസ്ഥകളെയും തുടർന്ന് സ്കാൻ ചെയ്തപ്പോഴാണ് ചികിത്സ പിഴവ് കണ്ടെത്തിയത്.
2024 സെപ്തംബറിലാണ് ഷബീന പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയ കഴിഞ്ഞ് 5 മാസം പിന്നിട്ടതോടെ ഷബീനയ്ക്ക് കടുത്ത വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നെന്ന് ഭർത്താവ് താജുദ്ദീൻ പറയുന്നു. പിന്നാലെ ഷബീന വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
താലൂക്ക് ആശുപത്രിയിൽ നിന്നും നടത്തിയ സ്‌കാനിങ്ങിലാണ് യുവതിയുടെ വയറ്റിൽ പ്ലാസ്റ്റിക് നൂലിൻ്റെ അവശിഷ്ടമുണ്ടെന്ന് മനസിലായത്. ശസ്ത്രക്രിയ ചെയ്ത ആശുപത്രിയിൽ തന്നെയെത്തി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതാണ് ഉചിതമെന്നായിരുന്നു കുടുംബത്തിന് വൈക്കം താലൂക്ക് ആശുപത്രിയിൽ നിന്ന് ലഭിച്ച നിർദേശം.
എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയ ഷബീനയോട് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടാൻ നിർദേശിച്ചു. പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ശസ്ത്രക്രിയയിലൂടെ നൂൽ പുറത്തെടുക്കുകയായിരുന്നു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഭർത്താവ് താജുദ്ദീൻ വ്യക്തമാക്കി.