പ്രതീകാത്മക ചിത്രം Source: Freepik
KERALA

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: ഇന്നുമുതല്‍ അപേക്ഷിക്കാം

മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാം.

Author : ന്യൂസ് ഡെസ്ക്

പ്ലസ് ‌വൺ സപ്ലിമെന്ററി അലോട്ട്മെന്റിനായി ശനിയാഴ്ച (ജൂണ്‍ 28) മുതല്‍ ഓൺലൈനായി അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും ശനിയാഴ്ച രാവിലെ ഒന്‍പതോടെ, അഡ്‌മിഷൻ വെബ്‍സൈറ്റായ https://hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. പത്ത് മണി മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷിക്കാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നൽകാം .

അതേസമയം, നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും, മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ-ജോയിനിങ് ആയവർ), പ്രവേശനം ക്യാൻസൽ ചെയ്തവർക്കും, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ സാധിക്കില്ല.

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെൻറിനുള്ള അപേക്ഷയും ക്ഷണിക്കും.

ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ച ശേഷവും എല്ലാ അപേക്ഷകരും അപേക്ഷാവിവരങ്ങൾ പരിശോധിക്കണമെന്നും, ഓപ്ഷനുകൾ ഉൾപ്പെടെ അപേക്ഷയിലെ ലോഗിൻ വിവരങ്ങൾ ഒഴികെ ഏതുവിവരവും തിരുത്തൽ വരുത്തുന്നതിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍, ഈ അവസരങ്ങളൊന്നും പ്രയോജനപ്പെടുത്താതിരുന്നതിനാൽ തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതോടെ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കാന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്. അപേക്ഷകളിലെ പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്.

മെറിറ്റ് ക്വാട്ടയുടെ സപ്ലിമെൻററി മോഡൽ അലോട്ട്‌മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെൻറിനുള്ള അപേക്ഷയും ക്ഷണിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകളെ സംബന്ധിച്ചുള്ള വിശദ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാനും മറ്റും വേണ്ട നിർദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂൾ ഹെൽപ് ഡെസ്‌കുകളിലൂടെ നൽകാൻ വേണ്ട സജ്ജീകരണങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽമാർ സ്വീകരിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT