കണ്ണൂർ: പയ്യാവൂരിൽ വിദ്യാർഥി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി. സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് കെട്ടിടത്തിൽ നിന്നും ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്ക് മാറ്റി. എന്താണ് സംഭവിച്ചതെന്നതിൽ വ്യക്തത ഇല്ലെന്നാണ് സ്കൂൾ അധികൃതരുടെ പ്രതികരണം. പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപെട്ടിട്ടില്ല സംഭവത്തിൽ കൂടൂതൽ അന്വേഷണം ആവശ്യമാണെന്നും സ്കൂൾ പ്രിൻസിപ്പൾ പറഞ്ഞു.
ഇന്ന് രാവിലെ 8.25 ഓടെയായിരുന്നു സംഭവം. പ്ലസ് ടു വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായുള്ള പ്രാക്റ്റിക്കൽ മോഡൽ പരീക്ഷ എഴുതാൻ സ്കൂളിൽ എത്തിയതായിരുന്നു കുട്ടി. തുടർന്ന് കുട്ടി സ്കൂൾ കെട്ടിടത്തിൻ്റെ ഏറ്റവും മുകൾ നിലയിലേക്ക് പോവുകയും താഴേക്ക് ചാടുകയുമായിരുന്നുവെന്നും അധ്യാപകർ പറയുന്നു.
മൂന്നാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥി ബാസ്കറ്റ് ബോൾ കോർട്ടിലേക്കാണ് വീണത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ അമ്മ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു.ഇതുമായി ബന്ധപ്പെട്ട് കുട്ടിക്ക് ചെറിയ മാനസിക സമ്മർദം ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
കുട്ടി പഠിക്കാൻ മിടുക്കി ആയിരുന്നുവെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൾ കെ. ബിനോയ് പറഞ്ഞു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികവ് പുലർത്തിയിരുന്ന കുട്ടി ഇത്തരമൊരു കാര്യം ചെയ്തത് എന്തിനെന്ന് അറിയില്ലെന്ന് ക്ലാസ് ടീച്ചറും പറയുന്നു. സംഭവത്തിൽ പയ്യാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.