KERALA

പിഎം ശ്രീയില്‍ വീണ്ടും കത്തയച്ച് കേന്ദ്രം; കൂടിയാലോചനകള്‍ക്കുശേഷം നടപടിയെന്ന് മന്ത്രി, എതിര്‍ത്ത് യൂത്ത് ലീഗിന്റെ പ്രമേയം

പിഎം ശ്രീയിലെ എൽഡിഎഫ് തീരുമാനം തെറ്റാണ്. ഇത് തിരുത്തുന്നതിനു വേണ്ടിയാണ് ജനങ്ങൾ യുഡിഎഫിനെ തെരഞ്ഞെടുത്തതെന്ന് യൂത്ത് ലീഗ്.

Author : ന്യൂസ് ഡെസ്ക്

പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. പദ്ധതിയുടെ ഭാഗമായി തുടരണം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണം. കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണ്. ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണം. വിദ്യാർഥികളുടെ താല്‍പ്പര്യം സംരക്ഷിക്കണം എന്നിങ്ങനെയാണ് കത്തിലെ ആവശ്യങ്ങള്‍. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രണ്ടാം തവണയാണ് കേന്ദ്രം കത്തയയ്ക്കുന്നത്. കൂടിയാലോചനകൾക്കുശേഷം മുഖ്യമന്ത്രി നിലപാട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു. അതേസമയം, പദ്ധതി നടപ്പിലാക്കരുതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ യൂത്ത് ലീഗ് പ്രമേയം അവതരിപ്പിച്ചു.

രണ്ടു ദിവസങ്ങൾക്ക് മുന്‍പാണ് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് ലഭിച്ചതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. പദ്ധതിയുടെ തുടർനടപടികൾ മുന്നോട്ടുകൊണ്ടുപോകുന്ന കാര്യത്തിലുള്ള തീരുമാനം വൈകിപ്പിക്കരുതെന്നാണ് കേന്ദ്രം മുഖ്യമായും ആവശ്യപ്പെട്ടത്. വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്നും യുഡിഎഫ് നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും കൂടിയാലോചനകൾക്ക് ശേഷം ഔദ്യോഗിക നിലപാട് വ്യക്തമാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം യുഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതി നടപ്പാക്കരുതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. പിഎം ശ്രീയിൽ ഒപ്പുവെച്ച എൽഡിഎഫ് തീരുമാനം തെറ്റാണ്. ഇത് തിരുത്തുന്നതിനു വേണ്ടിയാണ് ജനങ്ങൾ യുഡിഎഫിനെ തെരഞ്ഞെടുത്തത്. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത നിലപാടും ഭരണവും യുഡിഎഫ് സ്വീകരിക്കണം. കേന്ദ്ര സർക്കാർ എസ്എസ്കെ ഫണ്ട് തടഞ്ഞുവെച്ചാൽ യുഡിഎഫ് സർക്കാർ സുപ്രീം കോടതിയെ സമീപിക്കണമെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നു.

കേന്ദ്രം സമ്മർദം തുടരുമ്പോഴും തിടുക്കപ്പെട്ട് കത്തിന് മറുപടി നൽകേണ്ട എന്നാണ് സർക്കാർ നിലപാട്. മന്ത്രിസഭാ ഉപസമിതി യോഗം ചേർന്ന് നിലപാട് സ്വീകരിക്കുകയോ അല്ലെങ്കിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമോ ആകും കേന്ദ്രത്തിന്റെ കത്തിന് മറുപടി നൽകുക.

SCROLL FOR NEXT