കെ. സുരേന്ദ്രൻ, മന്ത്രി വി. ശിവൻകുട്ടി Source: FB
KERALA

"കരിക്കുലത്തിൽ ഇടപെടും, കാത്തിരുന്ന് കാണാം..."; വിദ്യാഭ്യാസ മന്ത്രിയെ വെല്ലുവിളിച്ച് കെ. സുരേന്ദ്രൻ

പിഎം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും സുരേന്ദ്രൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും. പാഠ്യപദ്ധതിയിൽ ആർഎസ്എസ് നേതാക്കളെ ഉൾപ്പെടുത്തുമെന്നത് വ്യാജപ്രചാരണമെന്ന ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സുരേന്ദ്രൻ രംഗത്തെത്തി. പിഎം ശ്രീ ധാരണാപത്രം ദേശീയ വിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കരിക്കുലത്തിൽ ഇടപെടൽ ഉണ്ടാവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. കാത്തിരുന്ന് കാണാമെന്ന വെല്ലുവിളിയും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ബഹു. ശിവൻകുട്ടി അവർകൾ,ഗാന്ധി ഘാതകൻ ഗോഡ്സെ അല്ലെന്ന് ആരെങ്കിലും പറഞ്ഞോ? ഗാന്ധിയെ കൊന്നത് ആർ. എസ്. എസ് ആണെന്ന കള്ള പ്രചാരണം പഠിപ്പിക്കാൻ വന്നേച്ചാൽ മതി അപ്പോ കാണാം.. പി. എം. ശ്രീ ധാരണാപത്രം ദേശീയവിദ്യാഭ്യാസ നയത്തിലേക്കുള്ള ചവിട്ടുപടി തന്നെ. ദേശീയ വിദ്യാഭ്യാസ നയം ഇവിടേയും നടപ്പാവും. കരിക്കുലത്തിലും ഇടപെടലുണ്ടാവും. കാത്തിരുന്നു കാണാം...

ഡോ. ഹെഡ്ഗേവർ, വീര സവർക്കർ എന്നിവരുടെ ചരിത്രം വരെ പാഠ്യവിഷയമാകുമെന്ന സുരേന്ദ്രൻ്റെ പ്രസ്താവന നേരത്തെ വലിയ വിവാദമായിരുന്നു. കോൺഗ്രസ് തമസ്കരിച്ച എല്ലാ ചരിത്രവും പാഠ്യവിഷയമാകുമെന്നും നെഹ്റുവിനെ മാത്രം പഠിച്ചാൽ പോരെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. പിന്നാലെ അതിന് മറുപടിയായാണ് ശിവൻകുട്ടി രംഗത്തെത്തിയത്.

രാഷ്ട്രീയലക്ഷ്യം വച്ചുള്ള വ്യാജപ്രചാരണമാണ് സുരേന്ദ്രൻ നടത്തുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലെന്നും മന്ത്രി പറഞ്ഞു. അസംബന്ധ പ്രസ്താവനകൾ നടത്തുന്നത് ഈ ധാരണക്കുറവ് മൂലമാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ഫണ്ട് വിനിയോഗത്തിന് വേണ്ടിയാണ്. കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വയ്ക്കാനല്ല. ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. മഹാത്മാ ഗാന്ധിയെ വധിച്ചത് ഗോഡ്സെയെന്ന ചരിത്രം പാഠപുസ്തകങ്ങളിൽ നിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. ഹെഡ്ഗേവറെയും സവർക്കറെയും കുട്ടികളെ പഠിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും മന്ത്രി കുറിച്ചു.

SCROLL FOR NEXT