തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള കത്ത് തയ്യാറാക്കി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് പരിശോധിച്ച ശേഷം ചീഫ് സെക്രട്ടറി കേന്ദ്രത്തിന് അയക്കും. പദ്ധതി മരവിപ്പിച്ചതായി കേന്ദ്രത്തെ അറിയിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
മന്ത്രിസഭ നിശ്ചയിച്ച ഏഴംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പദ്ധതി നടപ്പിലാക്കുന്നതായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാകില്ലെന്ന് കത്തിലൂടെ അറിയിക്കും. പിഎം ശ്രീ നടപ്പാക്കുന്നത് പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏഴംഗ മന്ത്രിസഭ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ പദ്ധതിയിൽ ഒപ്പിട്ട ശേഷമുള്ള പിന്മാറ്റ നീക്കം കാപട്യമെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കരാർ ഒപ്പിട്ട പദ്ധതി വേണ്ടെന്ന് പറഞ്ഞ് കത്ത് കൊടുത്താൽ അതിന് കടലാസിൻ്റെ വിലയേ ഉണ്ടാകൂവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അതേസമയം പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും കത്ത് അയച്ചു.