KERALA

പിഎം ശ്രീ; മുഖ്യമന്ത്രി പിണറായി വിജയൻ ഡി. രാജയുമായി ഫോണിൽ സംസാരിച്ചു

പദ്ധതിയെക്കുറിച്ച് സിപിഐയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പിഎം ശ്രീയിൽ സർക്കാർ ഒപ്പുവച്ചതിന് പിന്നാലെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി ഫോണിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയെക്കുറിച്ച് സിപിഐയുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

പിഎം ശ്രീയിൽ സർക്കാർ ഒപ്പുവച്ചതിൽ എതിർപ്പ് പ്രകടിപ്പിച്ച സിപിഐയെ അനുനനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് സിപിഐഎം നടത്തുന്നത്. വിദേശസന്ദർശനത്തിന് പോയ മുഖ്യമന്ത്രി മടങ്ങി വന്നതിന് ശേഷം യോഗം ചേരാനാണ് നിലവിൽ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ മുഖ്യമന്ത്രി പദ്ധതിയിൽ ഒപ്പിടാനുള്ള കാരണം വിശദീകരിക്കുമെന്നാണ് റിപ്പോർട്ട്.

മുന്നണിയിൽ ചർച്ച ചെയ്യാതെ എങ്ങനെ പദ്ധതിയുമായി മുന്നോട്ട് പോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞ ദിവസം ചോദ്യമുന്നയിച്ചിരുന്നു. സിപിഐഎം മുന്നണി മര്യാദകൾ ലംഘിച്ചുവെന്നും, ഇതല്ല ഇടതുപക്ഷത്തിൻ്റെ രീതിയെന്നും ബിനോയ് വിശ്വം വിമർശനം ഉന്നയിച്ചിരുന്നു.

മുന്നണിയിലെ മറ്റ് ഘടക കക്ഷികളും പദ്ധതിയിൽ ഒപ്പുവച്ചതിനെതിരെ അഭിപ്രായപ്പെട്ടിരുന്നു. അസ്വാരസ്യങ്ങൾ നിലനിൽക്കുന്നത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്ന കണക്കുക്കൂട്ടലിന് പിന്നാലെയാണ് നേതാക്കൾ അനുനയ നീക്കത്തിന് തിരക്ക് കൂട്ടുന്നത്.

SCROLL FOR NEXT