Source: News Malayalam 24X7
KERALA

ഓപ്പറേഷൻ രക്ഷിത; റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആർപിഎഫ് പരിശോധന

കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച്, നാലു റെയില്‍വേ ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന.

Author : ന്യൂസ് ഡെസ്ക്

ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും RPF പരിശോധന വ്യാപകമാക്കി. വനിതാ പൊലീസ്, ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സംയുക്ത പരിശോധന. ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് നടപടി.

റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരില്‍ ‘ഓപ്പറേഷന്‍ രക്ഷിത’യിലൂടെ സുരക്ഷിതത്വ ബോധം ഉറപ്പിക്കുകയാണ് റെയിൽവേ പൊലീസും ആർപിഎഫും. സ്ത്രീ യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുറമെ അനധികൃതമായ പ്രവർത്തനങ്ങൾ, മദ്യപിച്ച് യാത്ര ചെയ്യൽ, ലഹരിക്കടത്ത്, സ്ത്രീ യാത്രക്കാരോടുള്ള അശ്ലീല പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ ഓപ്പറേഷന്റെ പ്രധാന ലക്ഷ്യം. കോഴിക്കോട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിങ്ങനെ നാലു മേഖലകളായി തിരിച്ച്, നാലു റെയില്‍വേ ഡിവൈഎസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന.

റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി, എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും ട്രെയിനുകളിലുമാണ് പ്രധാനമായും പരിശോധന നടക്കുക. ട്രെയിനുകൾക്കുളളിൽ മദ്യപിച്ച നിലയിൽ കണ്ടെത്തിയാൽ അടുത്ത സ്റ്റേഷനിൽ ഇറക്കി, പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടപടിയെടുക്കാനാണ് തീരുമാനം. യാത്ര മുടങ്ങുമെന്ന് മാത്രമല്ല കേസും പിന്നാലെ വരും. മദ്യപിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ ആക്ട് സെക്ഷന്‍ 145 (എ),

കേരള പൊലീസ് ആക്ട് 118 എ എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുക്കുക. റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ് ഫോം ടിക്കറ്റില്ലാതെയും ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും യാത്ര ചെയ്യുന്നവരെയും അലഞ്ഞു തിരിഞ്ഞ് നടക്കുന്നവരെയും കർശനമായി നിരീക്ഷിക്കുന്നതിനൊപ്പം ഇത്തരക്കാർക്കെതിരെ അടിയന്തര നിയമ നടപടിയും സ്വീകരിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ രക്ഷിതയില്‍ 72 പേരാണ് ഇതുവരെ കുടുങ്ങിയത്.

ട്രെയിനിലിരുന്ന് കുടിക്കാന്‍ പാകത്തില്‍ മറ്റ് കുപ്പികളിൽ മദ്യം മിക്സ് ചെയ്ത് കൊണ്ടുവന്നവര്‍ക്കും പിടിവീണു. യാത്ര വിലക്കിയ ശേഷം ഇവര്‍ക്കെതിരെ കേസെടുത്തു. കുറ്റകൃത്യങ്ങൾ കണ്ടാൽ നിയമ സഹായത്തിന് ബന്ധപ്പെടാനുള്ള സുരക്ഷാ ആപും ഉടൻ സജ്ജമാക്കുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് തീരുമാനം.

SCROLL FOR NEXT