പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരിക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തിയത്. അമ്മയുമായി വീട്ടിലെത്തി പൊലീസ് തെളിവെടുപ്പും പൂർത്തിയാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നവജാത ശിശുവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത് . അമിത രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയ യുവതിയെപ്പറ്റി ആശുപത്രിയിലെ ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്‌ക്കേറ്റ ക്ഷതമാണ് ശിശുവിന്റെ മരണകാരണമെന്ന് സൂചന ലഭിച്ചിരുന്നു.
ശുചിമുറിയിൽ പ്രസവിച്ച യുവതി, പൊക്കിൾക്കൊടി സ്വയം മുറിച്ചു മാറ്റി. പിന്നാലെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കുട്ടിയെ യുവതി വലിച്ചെറിഞ്ഞു. ഇതിലാകാം മരണകാരണമായ ക്ഷതമുണ്ടായതെന്നാണ് വിലയിരുത്തൽ. യുവതിയെ വീട്ടിലും ശുചിമുറിയിലും പിന്നിലെ പറമ്പിലും എത്തിച്ചു തെളിവ് എടുത്തു. ഞെട്ടലോടെയാണ് കൊലപാതകത്തെപ്പറ്റി അറിഞ്ഞത് എന്ന നാട്ടുകാർ.
കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇക്കാര്യം പോലീസ് പൂർണമായി വിശ്വാസത്തിൽ എടുത്തിട്ടില്ല. ആൺ സുഹൃത്തിന് കൊലപാതകത്തിൽ പങ്കുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി അന്വേഷിക്കും.