തിരുവനന്തപുരം പ്രശാന്ത് നഗറിൽ മോഷണം Source; News Malayalam 24X7
KERALA

പട്ടാപ്പകൽ സ്ത്രീയുടെ വായിൽ തുണി തിരുകി മോഷണം; ബേക്കറി തൊഴിലാളിയായ പ്രതി പിടിയിൽ

സ്ത്രീയെ മുറിയിലെ കട്ടിലിൽ കെട്ടിയിട്ടശേഷം വായിൽ തുണി തിരുകി ക്രൂരമായി മർദിച്ചു. തുടർന്നാണ് ഒന്നര പവൻ സ്വർണ മാലയും മോതിരവും കവർന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഉള്ളൂരിൽ പട്ടാപകൽ പ്രായമായ സ്ത്രീയുടെ വായിൽ തുണി തിരുകി മോഷണം. ഒന്നര പവൻ്റെ സ്വർണ്ണ മാലയും മോതിരവുമാണ് കവർന്നത്. വീടിന് തൊട്ടടുത്ത ബേക്കറിയിലെ തൊഴിലാളിയാണ് മോഷണം നടത്തിയത്. പ്രതി ആക്കുളം സ്വദേശി മധുവിനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലെ ഹാളിനുള്ളിൽ സ്ത്രീ ടി വി കണ്ട് കൊണ്ടിരിക്കുമ്പോഴായിരുന്നു ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവിൻ്റെ ആക്രമണം. ഹാളിൽ നിന്ന് പിടിച്ചു വലിച്ചു സ്ത്രീയെ മുറിയിലെ കട്ടിലിൽ കെട്ടിയിട്ടശേഷം വായിൽ തുണി തിരുകി ക്രൂരമായി മർദിച്ചു. തുടർന്നാണ് ഒന്നര പവൻ സ്വർണ മാലയും മോതിരവും കവർന്നത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഉള്ളൂരിലെ പ്രശാന്ത് നഗറിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. മോഷണത്തിനു ശേഷം പ്രതി രക്ഷപ്പെടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പ്രതിയായ ആക്കുളം സ്വദേശി മധുവിനെ ഇന്നലെ രാത്രി മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കറി തൊഴിലാളിയായ മധു നാട്ടുകാർക്ക് സുപരിചതനാണ്. ഇയാളിൽ നിന്നുണ്ടായ അതിക്രമത്തിൻ്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

SCROLL FOR NEXT